
കൊല്ലം: ബൈപ്പാസില്‍ ടോള്‍പിരിവ് തുടങ്ങുന്നതിനെതിരേ വീണ്ടും യുവജന സംഘടനകളുടെ പ്രതിഷേധം. ടോള്‍പിരിവ് നടത്തുന്ന കമ്പനി പ്രവര്‍ത്തകരും ഡിവൈഎഫ്ഐ യുടേയും എഐവൈഎഫിന്റെയും പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. പ്രതിഷേധക്കാര്‍ കമ്പനി പൂജ നടത്താന്‍ കൊണ്ടുവന്ന പാത്രവും പൂജാ വസ്തുക്കളും യുവജനസംഘടനകളുടെ പ്രവര്‍ത്തകര്‍ വലിച്ചെറിയുകയും ടോള്‍ബൂത്ത് തല്ലിത്തകര്‍ക്കാന്‍ ശ്രമം നടത്തുകയും പോലീസുമായി ഏറ്റുമുട്ടല്‍ ഉണ്ടാകുകയും ചെയ്തു.
കൊല്ലം ബൈപ്പാസില്‍ ഈ മാസം രണ്ടാം തവണയാണ് ടോള്‍പിരിവിനെതിരേ പ്രതിഷേധം ഉണ്ടാകുന്നത്. ലോക്ഡൗണിന് ശേഷം ഇന്ന് രാവിലെ എട്ടുമണിയോടെ ടോള്‍ പിരിവ് തുടങ്ങാന്‍ കരാര്‍ കമ്പതി ബൂത്ത് തുറന്നതോടെ ഡിവൈഎഫ്ഐ, എഐവൈഎഫ് പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തുകയായിരുന്നു. നേരത്തേ ജൂണ്‍ 1 നും ടോള്‍പിരിവ് തുടങ്ങുന്നതിനെതിരേ സമരം ഉണ്ടായിരുന്നു. അന്ന് പ്രതിഷേധക്കാര്‍ മുമ്പോട്ട് വെച്ച ആവശ്യങ്ങള്‍ കമ്പനി പൂര്‍ത്തിയാക്കിയിട്ടില്ല എന്നാണ് പ്രതിഷേധക്കാരുടെ വാദം.
രാവിലെ ഇവിടെ പ്രതിഷേധവുമായി എത്തിയ യുവജന സംഘടനകള്‍ അഞ്ചു ബൂത്തുകളില്‍ രണ്ടു ബൂത്തുകളില്‍ കടന്നുകയറുകയും പ്രവര്‍ത്തനം സ്തംഭിപ്പിക്കുയുമായിരുന്നു. പാത ആറുവരി ആക്കി പൂര്‍ത്തിയാക്കിയ ശേഷമേ ടോള്‍ അനുവദിക്കൂ എന്നാണ് യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ പറയുന്നത്. രാവിലെ കരാര്‍ കമ്പനി പൂജ നടത്തി ടോള്‍ നടപടികള്‍ തുടങ്ങാനൊരുങ്ങുമ്പോള്‍ പ്രതിഷേധവുമായി എത്തിയ യുവജന സംഘടനകള്‍ പൂജാപാത്രം വലിച്ചെറിയുകയും പൂജാ വസ്തുക്കള്‍ തകര്‍ക്കുകയും ചെയ്തു.






