
കോവിഡ് വ്യാപനത്തോടെ സാമൂഹിക അകലവും, സാനിറ്റെസര്‍ ഉപയോഗവും, മാസ്ക് ധാരണവുമൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിട്ട് നാളുകളായി. മാസ്ക് ഉപയോഗിക്കാതെ പുറത്തിറങ്ങുന്ന നല്ല നാളെയ്ക്കുള്ള കാത്തിരിപ്പിലാണ് ഓരോരുത്തരും. സുരക്ഷയുടെ ഭാഗമായി പലരും തങ്ങളുടെ മൃഗങ്ങള്‍ക്ക് പോലും മാസ്ക് വെച്ച് കൊടുത്തിരിയ്ക്കുകയാണ്. ഇപ്പോള്‍ ജപ്പാനില്‍ ബുദ്ധ ദേവതയുടെ ഭീമന് പ്രതിമയ്ക്കും മാസ്ക് ധരിപ്പിച്ച ചിത്രങ്ങളും വാര്‍ത്തയുമാണ് പുറത്ത് വരുന്നത്.
ഫുക്കുഷിമ പ്രിഫെക്ചറിലെ ഹൌക്കോകുജി ഐസു ബെറ്റ്സുയിന് ക്ഷേത്രത്തില്‍ 57 മീറ്റര്‍ ഉയരമുള്ള (187 അടി) ബുദ്ധദേവതയായ കാനോണിന്റെ പ്രതിമയെയാണ് ഭീമന് മാസ്ക് ധരിപ്പിച്ചത്. മുപ്പത്തിമൂന്ന് വര്‍ഷം മുന്‍പ് നിര്‍മ്മിച്ച കാനോണ്‍ ദേവതയുടെ ഈ പ്രതിമ ഒരു കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുന്ന രീതിയിലാണ്. കുഞ്ഞുങ്ങളെ സുരക്ഷിതമായി പ്രസവിക്കുവാനും നവജാതശിശുക്കള്‍ക്കായി അനുഗ്രഹം തേടാനും അമ്മമാരും കുഞ്ഞുങ്ങളും ദേവിയുടെ അടുക്കലെത്താറുണ്ട്. ഫെബ്രുവരിയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ പ്രതിമയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്ന് നടത്തുന്ന അറ്റകുറ്റ പണികള്‍ക്കിടയിലാണ് ദേവതയ്ക്കും ഫെയ്സ് മാസ്ക് സ്ഥാപിക്കുന്നതിനെക്കുറിച്ച് ചോദിച്ച് തൊഴിലാളികള്‍ രംഗത്തെത്തിയതെന്ന് ക്ഷേത്ര മാനേജര്‍ തകാവോമി ഹൊറിഗെയ്ന് പറഞ്ഞു.
നാല് തൊഴിലാളികള്‍ മൂന്ന് മണിക്കൂര്‍ സമയമെടുത്താണ് പ്രതിമയില്‍ മാസ്ക് സ്ഥാപിച്ചിരിക്കുന്നത്. പ്രതിമയുടെ മുഖത്തിന്റെ താഴത്തെ പകുതിയിലാണ് 4.1 മീറ്റര്‍ നീളവും 5.3 മീറ്റര്‍ വീതിയുമുള്ള മാസ്ക് അണിയിച്ചിരിക്കുന്നത്. 35 കിലോഗ്രാം തൂക്കത്തില്‍ പിങ്ക് നിറത്തില്‍ നെറ്റ് ഫാബ്രിക്കിലാണ് മാസ്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് അഴിച്ചു മാറ്റാവുന്ന തരത്തിലുള്ളതാണ്. ജപ്പാനില്‍ കോവിഡ് സ്ഥിതി നിയന്ത്രണ വിധേയമാകുന്നതു വരെ മാസ്ക് പ്രതിമയില്‍ തന്നെ സൂക്ഷിക്കാനാണ് തീരുമാനമെന്നും ഹൊറിഗെയ്ന് പറഞ്ഞു.






