
'ഭാഗ് മില്‍ഖാ ഭാഗ്' ഇന്ത്യന്‍ അത്ലറ്റിക് ചരിത്രത്തിലേക്ക് ആദ്യമായി ഓടിക്കയറിയ മില്‍ഖാ സിംഗിനോട് ഓടാന്‍ ആദ്യം പറഞ്ഞത് സ്വന്തം പിതാവായിരുന്നു. വര്‍ഗ്ഗീയ സംഘര്‍ഷത്തിന്റെ കത്തിമുനയില്‍ ഊരും കയ്യില്‍ പിടിച്ച് മില്‍ഖ നടത്തിയ പ്രാണരക്ഷാര്‍ത്ഥമുള്ള ഓട്ടം അവസാനിച്ചത് രാജ്യത്തിന്റെ കായികവേദിയുടെ നെറുകയിലും. ഓട്ടം അവസാനിച്ചത് 1958 ലെ ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണത്തിലേക്കും ഫോട്ടോ ഫിനീഷില്‍ അവസാനിച്ച 1960 ലെ റോം ഒളിംപിക്സില്‍ നാലാം സ്ഥാനത്തിലേക്കും.
വര്‍ഗ്ഗീയ സംഘര്‍ഷത്തിന്റെ നടുക്ക് കൂട്ടക്കുരുതിയ്ക്കിടയില് അച്ഛന്റെ നിലവിളി കേട്ടു പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗോവിന്ദ്പുരയില്‍ നിന്നു ജീവനും വാരിപ്പിടിച്ച് മില്‍ഖ ഓട്ടം തുടങ്ങിയത് 15 ാം വയസ്സിലായിരുന്നു. മാതാപിതാക്കളും സഹോദരങ്ങളും അടക്കം കുടുംബത്തിലെ എട്ടു പേരെയാണ് കൂട്ടക്കുരുതിയില്‍ നഷ്ടമായത്. ഒരു ട്രെയിനിന്റെ ലേഡീസ് കംപാര്‍ട്മെന്റില്‍, സ്ത്രീകളുടെ സീറ്റിനടിയില്‍ ഒളിച്ചായിരുന്നു രക്ഷപ്പെട്ടത്. ഡല്‍ഹിയില്‍ കല്യാണം കഴിച്ചുവിട്ട സഹോദരി ഈശ്വറിന്റെ വീട്ടിലേക്ക് എത്തിയെങ്കിലും ഏറെ താമസിയാതെ അഭയാര്‍ഥി ക്യാംപ്, പുനരധിവാസ ക്യാംപ് എന്നിങ്ങനെ അലയേണ്ടി വന്നു.
ഒരിക്കല്‍ ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തു പിടിയിലായി. പിഴയായി ശിക്ഷിച്ചത് 2.50 രൂപ. കൊടുക്കാനില്ലാതെ എത്തപ്പെട്ടത് തീഹാര്‍ ജയിലില്‍. ഒടുവില്‍ പിഴത്തുക സഹോദരി തന്നെ സ്വന്തം കമ്മല്‍ വിറ്റു ഉണ്ടാക്കി കൊണ്ടുവന്ന് നല്കി ജയിലില്‍ നിന്നും ഇറക്കി. ജ്യേഷ്ഠന് മഖന്‍ സിംഗായിരുന്നു പട്ടാളത്തില്‍ പോകാന്‍ മില്‍ഖയെ ഉപദേശിച്ചത്. റിക്രൂട്ട്മെന്റ് കടന്നത് മൂന്നാം ശ്രമത്തില്‍. ഇവിടെ നിന്നുമായിരുന്നു അത്ലറ്റിക്സിന്റെ ലോകത്തേക്ക് എത്തിയത്. അതും ഒരു ഗ്ളാസ് പാല് അധികം കിട്ടാന്‍വേണ്ടി മാത്രം. സെക്കന്തരാബാദില്‍ ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് സെന്ററില്‍ ജോലി ചെയ്യുമ്പോള്‍ ഒരു ക്രോസ് കണ്ട്രി മത്സരം നടക്കുന്നു. ആദ്യമെത്തുന്ന 10 പേര്‍ക്ക് ദിവസവും ഒരു ഗ്ലാസ് പാല് അധികം കിട്ടും. അധികം കിട്ടുന്ന പാലിന് വേണ്ടിയും മില്‍ഖ ഓടാന്‍ തയ്യാറായി. 6ാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ പിന്നീട് എല്ലാം പട്ടാളം ചെയ്തു.
1956 മെല്‍ബണ്‍ ഒളിംപിക്സില്‍ 200 മീറ്റര്‍, 400 മീറ്റര്‍ ഇനങ്ങളില്‍ മത്സരിച്ചു. നേരിട്ട പരാജയം കൂടുതല്‍ കരുത്തോടെ മുമ്പോട്ട് വരാന്‍ മില്‍ഖയെ പ്രാപ്തനാക്കി. 1958 ദേശീയ മത്സരത്തിലെ ദേശീയ റെക്കോര്‍ഡ് നേടിയുള്ള വിജയം 200, 400 മീറ്റര്‍ വിജയങ്ങള്‍ മില്‍ഖയെ ടോക്കിയോ ഏഷ്യന്‍ ഗെയിംസിലേക്ക് എത്തിച്ചു. അവിടെയും അവയില്‍ സ്വര്‍ണ്ണനേട്ടം ആവര്‍ത്തിച്ചു. 200 മീറ്ററില്‍ പാക്കിസ്ഥാന്റെ ദേശീയ ഹീറോ അബ്ദുല്‍ ഖാലിഖിനെയാണു മില്‍ഖ തോല്പിച്ചത്. 1960 റോം ഒളിംപിക്സായിരുന്നു മില്‍ഖയുടെ ജീവിതത്തിലെ ഏറ്റവും സംഭവബഹുലമായ നഷ്ടം.
ഏഷ്യയിലെ ഏറ്റവും മികച്ച അത്ലീറ്റ് മെഡലില്‍ എത്തുമെന്നുറപ്പിച്ചു നിന്ന ആ ഒളിംപിക്സിന്റെ 400 മീറ്ററില്‍ പകുതിവരെ മില്‍ഖ മുന്നിലെത്തിയ ശേഷം നാലാം സ്ഥാനത്തായി. ഫൊട്ടോഫിനിഷ് വേണ്ടി വന്ന മത്സരത്തില്‍ അമേരിക്കയുടെ ഓട്ടിസ് ഡേവിസിന് ഒന്നാം സ്ഥാനം, ജര്‍മനിയുടെ കാള്‍ കാഫ്മാനു 2ാം സ്ഥാനം, ദക്ഷിണാഫ്രിക്കയുടെ മാര്‍ക് സ്പെന്‍സര്‍ക്കായിരുന്നു മില്‍ഖയെ മറികടന്ന് മൂന്നാം സ്ഥാനം. അന്ന് 0.1 സെക്കൻഡിന്റെ വ്യത്യാസത്തിലാണ് മിൽഖായ്ക്ക് ഒളിംപിക് വെങ്കലം നഷ്ടമായത്. സ്പെൻസ് ഇവിടെ വെങ്കലജേതാവായി.
ടോക്കിയോ ഗെയിംസിനു പിന്നാലെ പാക്കിസ്ഥാനില്‍ ഇന്‍വിറ്റേഷനല്‍ മീറ്റിലേക്കുള്ള ക്ഷണം വൈകാരികമായി മില്‍ഖ നിഷേധിച്ചു. എല്ലാം കവര്‍ന്നെടുത്ത അന്നാട്ടിലേക്കു വീണ്ടും പോകാന്‍ തയാറല്ലെന്നു നിലപാട് എടുത്ത മില്‍ഖയെ അന്ന് തിരുത്തിയത് ജവഹര്‍ലാല്‍ നെഹ്റു ആയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ മില്‍ഖയുടെ സാന്നിധ്യം സഹായിക്കുമെന്ന് പറഞ്ഞപ്പോള്‍ മില്‍ഖ സമ്മതിച്ചു.
അബ്ദുല്‍ ഖാലിഖിനെ വീണ്ടും തോല്‍പ്പിച്ചു. മത്സരത്തില്‍ കാണികളില്‍ ഒരാളായി പാക് പ്രസിഡന്റ് ജനറല്‍ ആയൂബ്ഖാനും ഉണ്ടായിരുന്നു. മത്സരത്തിന് പിന്നാലെ ആയൂബ്ഖാനായിരുന്നു മില്‍ഖയ്ക്ക് 'പറക്കും സിംഗ്' എന്ന പേര് നല്‍കിയത്. ഇതേ മാര്‍ക് സ്പെന്സറിനെ തോല്‍പിച്ചാണു മുന്‍പ് കോമണ്‍വെല്‍ത്ത് ഗെയിംസ് അത്ലറ്റിക്സില് ഇന്ത്യയുടെ ആദ്യ സ്വര്‍ണമെഡല്‍ നേട്ടം മില്‍ഖ സ്വന്തമാക്കിയതും. 1958ലെ കോമൺവെൽത്ത് ഗെയിംസിലൂടെ (കാർഡിഫ്) മിൽഖായാണ് ഇന്ത്യയ്ക്ക് ലോകോത്തര ട്രാക്കിൽനിന്നും ആദ്യമായി സ്വർണം സമ്മാനിച്ചത്.
100, 200, 400 മീറ്ററുകളിൽ ദീർഘകാലം ദേശീയ റെക്കോർഡ് മിൽഖായുടെ പേരിലായിരുന്നു. 1958ൽ വെയ്ൽസിലെ കാർഡിഫ് അതിഥ്യം വഹിച്ച കോമൺവെൽത്ത് ഗെയിംസിലൂടെ (അന്നു ബ്രിട്ടിഷ് എംപയർ ആൻഡ് കോമൺവെൽത്ത് ഗെയിംസ്) മിൽഖ സിങ്ങാണ് ഇന്ത്യക്കു രാജ്യാന്തര ട്രാക്കിൽനിന്ന് ആദ്യമായി സ്വർണം സമ്മാനിച്ചത്. 440 വാര ഓട്ടത്തിലാണ് മിൽഖ ചരിത്രത്തിൽ ഇടംനേടിയത്. പിറ്റേ വര്‍ഷം ഇന്ത്യ അദ്ദേഹത്തിന് പത്മശ്രീ നല്കി ആദരിച്ചു. പിന്നീട് മില്‍ഖയുടെ ജീവിതം ആസ്പദമാക്കി ആത്മകഥ രചിക്കപ്പെട്ടു.
1959 ൽ രാജ്യം പദ്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. 2013 ൽ പ്രസിദ്ധീകരിച്ച ‘ദ് റേസ് ഓഫ് മൈ ലൈഫ്’ മിൽഖ സിങ്ങിന്റെ ആത്മകഥ. മിൽഖാ സിങ്ങിന്റെ ജീവിതകഥ ആസ്പദമാക്കി ബോളിവുഡില്‍ പിറന്ന സിനിമ ഓംപ്രകാശ് മെഹ്റ സംവിധാനം ചെയ്ത ‘ഭാഗ് മിൽഖാ ഭാഗ്’ വന്‍ വിജയം നേടിയിരുന്നു. മിൽഖ സിങ്ങിന്റെ ഭാര്യയും ഇന്ത്യൻ വനിതാ വോളിബോൾ ടീം മുൻ ക്യാപ്റ്റനുമായ നിർമൽ കൗർ (85) കോവിഡ് ബാധിച്ച് ദിവസങ്ങൾക്കു മുൻപാണ് അന്തരിച്ചത്. പിന്നാലെ മില്‍ഖയും കാലയവനികയില്‍ മറഞ്ഞു. ഗോൾഫ് താരം ജീവ് മിൽഖ സിങ് ഉൾപ്പെടെ നാലു മക്കളാണ് മില്‍ഖയ്ക്കും നിര്‍മ്മല്‍ കൗറിനും.






