
കായികതാരം ആയതും ഒളിമ്പിക്സില്‍ 0.1 സെക്കന്റിന്റെ വ്യത്യാസത്തില്‍ വെങ്കലം നഷ്ടമായതും അടക്കം അനേകം ആകസ്മീകതയിലൂടെ കടന്നുപോയ മില്‍ഖാ സിംഗിന് വോളിബോള്‍ താരം നിര്‍മ്മല്‍ കൗര്‍ ജീവിത സഖിയായതും ആകസ്മീക പ്രണയത്തിനൊടുവില്‍. ഒരു സിനിമ പോലെ സംഭവബഹുലമായി മാറിയ ജീവിതകഥയില്‍ പ്രണയസാഫല്യത്തിന് മുഖ്യമന്ത്രി ഇടപെട്ടതും മതങ്ങളുടെ വേലിക്കെട്ട് തകര്‍ത്തതും ചരിത്രം.
വ്യത്യസ്ത മതക്കാരായതിനാല്‍ ഇരുവരുടേയും വീട്ടുകാര്‍ പ്രകടിപ്പിച്ച എതിര്‍പ്പ് മറികടക്കാന്‍ തുണയായത് അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി പര്‍താപ് സിങ് കൈറോണ്‍ ആയിരുന്നു. മതത്തിന്റെ പേരില്‍ കടുത്ത എതിര്‍പ്പ് ഭാര്യ നിര്‍മ്മല്‍ കൗറിന്റെ കുടുംബത്തിനായിരുന്നു. എന്നാല്‍ കൈറോണ്‍ ഇടപെട്ട് അനുനയിപ്പിച്ചു. 'ഒരു കായികവംശത്തിന് തന്നെ ഇവര്‍ തുടക്കമിടട്ടെ!' എന്ന് അനുഗ്രഹിച്ചായിരുന്നു കൈറോണ്‍ അന്ന് ഇരുവരുടേയും വിവാഹത്തിന് ആശംസ നല്‍കിയത്. ആ വിവാഹജീവിതം നീണ്ടത് 59 വര്‍ഷങ്ങളായിരുന്നു.
1963 ല്‍ വിവാഹിതരായ ഇവര്‍ ജീവിതത്തിലും മികച്ച പ്രണയജോഡികളായിരുന്നു. മില്‍ഖയും നിമ്മിയും മരണത്തില്‍ പോലും വേര്‍പെട്ടില്ല. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു 81 കാരിയായ നിര്‍മ്മല്‍ കൗര്‍ കോവിഡ് മൂലം മരണമടഞ്ഞത്. തൊട്ടുപിന്നാലെ 90 കാരന് മില്‍ഖയും കോവിഡ് ബാധിച്ചാണ് കടന്നുപോയത്.
ഇരുവരുടേയും പ്രണയജീവിതം തുടങ്ങുന്നത് വിവാഹിതരാകുന്നതിന് അഞ്ചു വര്‍ഷം മുമ്പായിരുന്നു. 1956ലെ മെല്‍ബണ്‍ ഒളിംപിക്സില്‍ പങ്കെടുത്ത മില്‍ഖ അന്നേ സ്റ്റാറാണ്. കൊളംബോയില്‍ ഒരു അത്ലറ്റിക് മീറ്റിനിടെ 1958 ലാണു താന്‍ നിമ്മിയെ (നിര്‍മല്‍ കൗര്‍) ആദ്യമായി കണ്ടതെന്നു മില്‍ഖ പറയുന്നു. നിമ്മി ക്യാപ്റ്റനായ ഇന്ത്യന്‍ ടീം ശ്രീലങ്കയെ തകര്‍ക്കുമ്പോള്‍ ഗ്യാലറിയില്‍ മില്‍ഖ ഉണ്ടായിരുന്നു. ഒരു വിരുന്നിനിടയില്‍ ഇരുവരും വീണ്ടും കണ്ടുമുട്ടി. നിമ്മിയെ തടഞ്ഞുനിര്‍ത്തി കൈവെള്ളയില്‍ ഹോട്ടലിലെ ഫോണ്‍ നമ്പര്‍ മില്‍ഖ എഴുതിക്കൊടുത്തു. പക്ഷേ, മില്‍ഖയെ കാണാന്‍ നിമ്മി പോയില്ല.
വീണ്ടും കണ്ടുമുട്ടിയത് രണ്ടു വര്‍ഷത്തിന് ശേഷം ഡല്‍ഹിയിലെ ഒരു കോളജില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഇന്‍സ്ട്രക്ടറായി നിമ്മി ജോലി ചെയ്യുമ്പോഴായിരുന്നു. പിന്നീട് പ്രണയം. ഒരിക്കല്‍ ഇരുവരും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടതോടെ പ്രണയം പുറത്തായി. ട്രാക്കില്‍ സജീവമായിരുന്ന കാലത്ത് ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി അനേകം പെണ്‍കുട്ടികളാണ് മില്‍ഖയെ സ്വപ്നം കണ്ടിരുന്നത്. ഓസ്ട്രേലിയന്‍ സ്പ്രിന്റ് ഇതിഹാസം ബെറ്റി ക്യൂത്ബെര്‍ട്ട് പോലും ഇക്കൂട്ടത്തില്‍ പെടുന്നു.
56 ലെ മെല്‍ബണ്‍ ഒളിംപിക്സിനിടെ ആയിരുന്നു ക്യൂത്ത്ബര്ട്ട് പിന്നാലെ നടന്നതെന്ന് മില്‍ഖ തന്നെ അനുസ്മരിച്ചിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസിലും (1958) ഏഷ്യന്‍ ഗെയിംസിലും (58') സ്പ്രിന്റ് സ്വര്‍ണം നേടി മില്‍ഖ കത്തിനിന്ന കാലത്ത് ഒരു ഡല്ഹിക്കാരിയും കാമുകിമാരുടെ പട്ടികയില്‍ എത്തി. പഞ്ചാബ് മുഖ്യമന്ത്രി വഴി സ്വാധീനിക്കാന്‍ ശ്രമിച്ചെങ്കിലും മില്‍ഖ വഴങ്ങിയില്ല. അവരുടെ പണത്തിനു മുന്നില്‍ കീഴടങ്ങാന്‍ കഴിയുമായിരുന്നില്ല എന്നായിരുന്നു ഇതിനേക്കുറിച്ച് പിന്നീട് മില്‍ഖയുടെ പ്രതികരണം.
ഇന്ത്യന്‍ വനിതാ വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റനെ പ്രണയിച്ച് 1963ല്‍ ജീവിതസഖിയാക്കിയപ്പോള്‍ മുന്‍ പ്രണയങ്ങളെല്ലാം മില്‍ഖ കുഴിച്ചുമൂടി. ദമ്പതികള്‍ക്ക് നാലു മക്കള്‍ ഉണ്ടായെങ്കിലും പക്ഷേ കായിക രംഗത്ത് മില്‍ഖയോളം വളര്‍ന്നവരായി അവര്‍ മാറിയില്ല. മകന് ജീവ മാത്രമായിരുന്നു ഇതിന് അപവാദം. പക്ഷേ. തെരഞ്ഞെടുത്ത കായികമേഖലയാകട്ടെ ഇന്ത്യയില്‍ അധികം ആരാധകര്‍ ഇല്ലാത്ത ഗോള്‍ഫും.






