
ന്യൂഡല്‍ഹി. ലോകത്തെ വമ്പന്മാരായ കോച്ചുമാര്‍ വന്നാല്‍ പോലും ഇന്ത്യന്‍ ഫുട്ബോളിനെ രക്ഷിക്കാനാകില്ലെന്ന് നിലവിലെ പരിശീലകന് ഇഗോര്‍ സ്റ്റിമാക്ക്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ മോശം കളിയുടെ പശ്ചാത്തലത്തില്‍ പരിശീലക സ്ഥാനത്തു നിന്ന് സ്റ്റിമാക്ക് തെറിച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലാണ് പ്രതികരണം. താനെന്നല്ല ഗ്വാര്‍ഡിയോളയോ മൊറീഞ്ഞോയോ പോലും വന്നാല്‍ രക്ഷയില്ലെന്നും പറഞ്ഞു.
ക്രൊയേഷ്യയ്ക്ക് വേണ്ടി ലോകകപ്പില്‍ ബൂട്ടണിയുകയും ലൂക്കാമോഡ്രിക്കിനെ പോലെയുള്ള വിഖ്യാത താരങ്ങളെ വാര്‍ത്തെടുക്കുകയും ചെയ്തയാളാണ് സ്റ്റിമാക്ക്. എന്നാല്‍ യോഗ്യതാറൗണ്ടില്‍ ബംഗ്ളാദേശിനെതിരേ ഒരു വിജയം നേടാന്‍ മാത്രമാണ് സ്റ്റിമാക്കിന് കഴിഞ്ഞത്. അതേസമയം ഇന്ത്യ ഏഷ്യന്‍ യോഗ്യതാ മത്സരത്തില്‍ മൂന്നാം റൗണ്ടില്‍ കടക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ മതിയായ വിഭവങ്ങള്‍ ഇല്ലെന്നാണ് സ്റ്റിമാക്കിന്റെ ഭാഷ്യം. ഒരു ജയം നാലു സമനില, മൂന്ന് തോല്‍വി എന്നതാണ് ലോകകപ്പ് യോഗ്യതയില്‍ ഇന്ത്യയുടെ പ്രകടനം.
ആറുഗോളടിക്കുകയും ഏഴു ഗോള്‍ വാങ്ങുകയും ചെയ്തു. സുനില്‍ഛേത്രിയും ഗുര്‍പ്രീത് സിംഗ് സന്ധുവും രണ്ടു വര്‍ഷം മുമ്പത്തേക്കാള്‍ മികച്ച രീതിയിലായി. സന്ദേശ ജിങ്കാന് രണ്ടു മടങ്ങ് മെച്ചപ്പെട്ടതായും സ്റ്റിമാക്ക് പറഞ്ഞു.
രാജ്യത്തെ പ്രമുഖ ലീഗായ ഐഎസ്എല്ലിലെ എല്ലാ ദൗർബല്യവും ദേശീയ ടീമിലുമുണ്ടെന്നും ഐഎസ്എല്ലിൽ മിക്ക പ്രധാന പൊസിഷനുകളും വിദേശ കളിക്കാർ കൈയടക്കി വച്ചിരിക്കുകയാണെന്നും ഇന്ത്യന്‍ ടീം മെച്ചപ്പെടാന്‍ ഐ ലീഗിൽ ഒരു വിദേശ സ്ട്രൈക്കറെ പോലും അനുവദിക്കരുതെന്നും സ്റ്റിമാക്ക് പറഞ്ഞു. ഇന്ത്യൻ സ്ട്രൈക്കർമാർക്കും മിഡ്ഫീൽഡർമാർക്കും കൂടുതല്‍ അവസരം കിട്ടുന്നത് ദേശീയടീമിനെ മെച്ചപ്പെടുത്തും.
സാങ്കേത്തികത്തികവുള്ള മികച്ച താരങ്ങളുടെ അഭാവമാണ് ഇന്ത്യന്‍ ടീമിന്റെ കുഴപ്പം. അതു കൊണ്ടു തന്നെ മികച്ച കളിക്കാരെ തെരഞ്ഞെടുക്കാന്‍ കിട്ടുന്ന അവസരം പരിമിതമാണ്. സുനിൽ ഛേത്രിക്ക് പകരം വയ്ക്കാന്‍ കഴിയുന്ന ഒരു താരം പോലും നിലവിൽ ഇന്ത്യയിലില്ല. ദേശീയ ടീം എന്നാല്‍ ഒരു അക്കാദമിയോ കളിക്കാരെ നിർമിക്കുന്ന ഫാക്ടറിയോ അല്ലെന്നും ക്ലബുകളിൽ നിന്ന് വരുന്ന താരങ്ങളെയാണ് ദേശീയ ടീമിൽ ഉപയോഗിക്കുന്നതെന്നും സ്റ്റിമാക്ക് പറയുന്നു. ക്രൊയേഷ്യൻ കോച്ചിനെ മാറ്റിയേക്കും എന്ന റിപ്പോർട്ടുകൾക്കിടെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
സ്റ്റീഫൻ കോൺസ്റ്ററ്റൈനു പകരമായി എത്തിയ സ്റ്റിമാച്ചുമായുള്ള കരാർ 2021 സെപ്തംബറിലാണ് അവസാനിക്കുന്നത്. കരാർ പുതുക്കില്ലെന്നാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ വൃത്തങ്ങൾ നൽകുന്ന സൂചന.





