
തിരുവനന്തപുരം: മുൻ സഹപ്രവർത്തകയെ സ്റ്റാഫിൽ ഉൾപ്പെടുത്താനുളള ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നീക്കം സിപിഎം നേതൃത്വം തടഞ്ഞു. ആർഎംപി ബന്ധമുള്ള സഹപ്രവർത്തകയ്ക്കെതിരെ പാർട്ടിക്കുള്ളിൽ നിന്നും പരാതി ഉയർന്നതിനെ തുടർന്നാണ് നേതൃത്വത്തിന്റെ ഇടപെടൽ. ഇവരെ ഔദ്യോഗിക പിആർഒ ആക്കാനായിരുന്നു ആരോഗ്യമന്ത്രിയുടെ ശ്രമം.
ആറന്മുളയിൽ മത്സരിക്കുമ്പോൾ പിആർ പ്രവർത്തനങ്ങൾക്ക് സഹായിച്ച മാധ്യമപ്രവർത്തകയെ തൻറെ സ്റ്റാഫിൽ ഉൾപ്പെടുത്താനാണ് മന്ത്രിയായ ശേഷം വീണ ജോർജ് ശ്രമിച്ചത്. എന്നാൽ പാർട്ടി തീരുമാനം വരും മുന്നെ സ്വന്തം നിലയിൽ സ്റ്റാഫിനെ തീരുമാനിച്ചതാണ് തിരിച്ചടിയായത്. കോഴിക്കോട് ജില്ലയിൽ ആർഎംപിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മാധ്യമപ്രവർത്തക മന്ത്രി ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ തുടങ്ങിയത് പാർട്ടിക്കുള്ളിൽ ചർച്ചയായി. കോഴിക്കോട് ജില്ലാ നേതൃത്വത്തിന്റെ എതിർപ്പ് കൂടി കണക്കിലെടുത്താണ് എകെജി സെന്റർ ഇടപെടൽ.
വീണാ ജോർജ് മന്ത്രിയായതിന് പിന്നാലെ പാർട്ടി സംസ്ഥാന സമിതിയംഗത്തെയാണ് സിപിഎം പ്രൈവറ്റ് സെക്രട്ടറിയായി തീരുമാനിച്ചത്. എന്നാൽ പിആർഒ നിയമനത്തിൽ ബന്ധപ്പെട്ടവരുമായി ചർച്ച നടന്നില്ല. നിലവിൽ പാചകക്കാരനെയും ഒരു ഡ്രൈവറെയും മാത്രമാണ് സ്വന്തം നിലയിൽ മന്ത്രിമാർക്ക് നിയമിക്കാൻ അനുമതി. അതിലും പാർട്ടി പശ്ചാത്തലവും ബന്ധപ്പെട്ട ജില്ലാക്കമ്മിറ്റിയുടെ അംഗീകാരവും നിർബന്ധമാണ്.






