
കൊച്ചി : സ്വപ്ന സുരേഷിനെയും സരിത്തിനെയും കരുക്കളാക്കി തിരുവനന്തപുരത്തു യു.എ.ഇ. കോണ്‍സല്‍ ജനറലായിരുന്ന ജമാല്‍ ഹുസൈന് അല്‍ സാബി സംസ്ഥാന മന്ത്രിമാരുമായും ഉദ്യോഗസ്ഥന്മാരുമായും വഴിവിട്ട ബന്ധമുണ്ടാക്കിയെന്നു കസ്റ്റംസ്. സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്കുള്ള കാരണംകാണിക്കല്‍ നോട്ടീസിലാണു സര്‍ക്കാരിനെതിരേ ഗുരുതര പരാമര്‍ശം.
മുഖ്യമന്ത്രിയുടെ ഓഫീസില്‍പ്പോലും ഇവരുടെ യോഗങ്ങള്‍ നടന്നെന്നും നോട്ടീസിലുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ നിയമങ്ങളും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ നിയമങ്ങളും ലംഘിച്ചാണു യു.എ.ഇ. കോണ്‍സുലേറ്റ് ഉന്നതര്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചതെന്നും 260 പേജുള്ള നോട്ടീസില്‍ പറയുന്നു.
അല്‍ സാബിക്കു പുറമേ കോണ്‍സുലേറ്റ് അറ്റാഷെ റാഷിദ് ഖാമിസ്, ചീഫ് അക്കൗണ്ടന്റ് ഖാലിദ് അല്‍ ഷൗക്രി, മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ ഉള്‍പ്പെടെ 52 പ്രതികള്‍ക്കാണു നോട്ടീസ് അയച്ചുതുടങ്ങിയത്. സുരക്ഷാ ഭീഷണി ഇല്ലാതിരുന്നിട്ടുകൂടി അല്‍ സാബിക്കു പ്രോട്ടോക്കോള്‍ ഓഫീസിനെ മറികടന്നു സംസ്ഥാന സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ നല്കി.
ഇത് അദ്ദേഹം പല ഘട്ടത്തിലും നിയമവിരുദ്ധ കാര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്തു. അല്‍ സാബി വിയറ്റ്നാമില്‍ കോണ്‍സല്‍ ജനറലായിരിക്കെ അവിടെയും ഇവര്‍ കള്ളക്കടത്ത് നടത്തിയിരുന്നെന്ന വെളിപ്പെടുത്തലും നോട്ടീസിലുണ്ട്. യു.എ.ഇയില്‍നിന്നു നിരോധിത മരുന്ന്, സിഗരറ്റ് തുടങ്ങിയവയാണു വിയറ്റ്നാമിലേക്കു കടത്തി വില്‍പ്പന നടത്തിയത്. ശിക്ഷാനടപടിയുടെ ഭാഗമായി സ്ഥലംമാറ്റിയതോടെയാണ് അല്‍ സാബി കേരളത്തിലെത്തിയത്. സരിത്തിനെയും സന്ദീപിനേയും ഉപയോഗിച്ചു കേരളത്തില്‍ കള്ളക്കടത്തു നടത്താനാണ് ആദ്യം പദ്ധതിയിട്ടത്.
പിന്നീടു സ്വപ്ന, റമീസ് എന്നിവരിലൂടെ സ്വര്‍ണക്കടത്തിലേക്കു തിരിഞ്ഞു. സ്വര്‍ണക്കടത്തിനു പ്രതിഫലമായി ലഭിക്കുന്ന പണത്തില്‍ കള്ളനോട്ടുണ്ടോ എന്നു തിരിച്ചറിയാനായി കോണ്‍സല്‍ ജനറലിനു സരിത്ത് നോട്ടെണ്ണല്‍ യന്ത്രം വാങ്ങി നല്‍കിയെന്നും നോട്ടീസിലുണ്ട്. ഖാലിദ്, സ്വപ്ന സുരേഷ്, സരിത്ത്, സന്തോഷ് ഈപ്പന് തുടങ്ങിയവര്‍ പ്രതികളായ ഡോളര്‍ കടത്തു കേസിലും ഉടന്‍ നോട്ടീസ് നല്‍കും.
ഈ കേസില്‍ മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരേ അന്വേഷണം തുടരും. സ്വപ്നയുടെയും മറ്റും സഹായത്തോടെ ഖാലിദ് അല്‍ ഷൗക്രി 1.90 ലക്ഷം ഡോളര്‍ വിദേശത്തേക്കു കടത്തിയെന്നാണു കേസ്. 2019 ജൂലൈയില്‍ ഇയാള്‍ ഈജിപ്തിലേക്കു കടന്നു. ലൈഫ്മിഷന് കോഴപ്പണമാണു ഡോളറാക്കി കടത്തിയതെന്നും ഡോളര്‍ കടത്തില്‍ സംസ്ഥാനത്തെ പല പ്രമുഖര്‍ക്കും പങ്കുണ്ടെന്നുമാണു സ്വപ്നയുടെയും സരിത്തിന്റെയും മൊഴി.






