
കൊല്ലം: കൊല്ലാത്ത സ്ത്രീധന പീഡനം മൂലം 24 കാരി മരണമടഞ്ഞ സംഭവത്തില്‍ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ സംശയരോഗിയായിരുന്നു എന്നും സംശയം. വിവാഹനിശ്ചയം കഴിഞ്ഞ ശേഷം വിസ്മയ സഹപാഠികളായ ആണ്‍കുട്ടികളോട് സംസാരിക്കുന്നത് പോലും കിരണിനെ അസ്വസ്ഥതപ്പെടുത്തിയിരുന്നു എന്നാണ് വിവരം. വിവാഹ നിശ്ചയത്തിന് ശേഷം വിസ്മയയുടെ കോളേജില്‍ എത്തുമായിരുന്ന കിരണ്‍ അവിടെവെച്ചും വിസ്മയയെ മര്‍ദ്ദിച്ചിരുന്നത്രേ. താന്‍ നേരിട്ടിരുന്ന മാനസീക പീഡനം വിസ്മയ വീട്ടുകാരെ വിഷമിപ്പിക്കേണ്ടെന്ന് കരുതി പറഞ്ഞിരുന്നത് കൂട്ടുകാരികളോടായിരുന്നു.
നിശ്ചയം കഴിഞ്ഞപ്പോള്‍ തന്നെ സുഹൃത്തുക്കൾക്ക് ഫോണിൽ സന്ദേശം അയയ്ക്കുന്നതും സഹപാഠികളായ ആൺകുട്ടികളോട് സംസാരിക്കുന്നതും നിര്‍ത്തിച്ച കിരണ്‍ അക്കാര്യം പറഞ്ഞും വിസ്മയയെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. വിസ്മയ പഠിക്കുന്ന കോളജിൽ പലപ്പോഴും കിരൺ കാണാൻ എത്തിയിരുന്നു. അന്ന് മുതൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാല്‍ ഒന്നും വീട്ടുകാരെ വിഷമിപ്പിക്കേണ്ട എന്ന് കരുതി മാതാപിതാക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മറച്ചുവെച്ചെന്നും അവര്‍ പറയുന്നു. വിവാഹം കഴിഞ്ഞതോടെ മര്‍ദ്ദനം സ്ത്രീധനത്തിന്റെ പേരിലായി.
സ്ത്രീധനം വേണ്ടെന്ന് പറഞ്ഞ് വിവാഹമാലോചിച്ച് വന്ന കിരണ്‍ വിവാഹത്തോടെ നിലപാട് മാറ്റി. താനാണോ സ്ത്രീധനമാണോ വലുത് എന്ന് വിസ്മയ ഒരിക്കൽ കിരണിനോട് ചോദിച്ചതായി മകള്‍ പറഞ്ഞിരുന്നതിനെക്കുറിച്ചും ബന്ധുക്കള്‍ പറയുന്നു. ജീവിക്കാന്‍ വേണ്ടി പണം വേണമെന്നായിരുന്നു ഇതിന് കിരണ്‍ നല്കിയ മറുപടി. വിവാഹത്തിന് ശേഷം സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം വിസ്മയയെ ഉപദ്രവിച്ചു. വിവാഹത്തിന് ശേഷം കാറിന് മൈലേജ് കിട്ടുന്നില്ലെന്നും മറ്റൊരു കാർ വേണമെന്നും പറഞ്ഞ് കിരണ്‍ ഒരിക്കല്‍ വിസ്മയയുടെ വീട്ടില്‍ വന്നു വഴക്കുണ്ടാക്കി. അന്ന് വിസ്മയയുടെ പിതാവിനെ അസഭ്യം പറയുകയും വിവാഹത്തിന് അണിയിച്ച മാല ഊരി കിരണ്‍ എറിഞ്ഞു.
ഈ സംഭവത്തിന് ശേഷം സ്വന്തം വീട്ടില്‍ നിന്നായിരുന്നു വിസ്മയ ക്ലാസ്സിന് പോയിരുന്നത്. ഇനി ഭർതൃവീട്ടിലേക്ക് പോകേണ്ടെന്നും വിവാഹ മോചനം തേടാമെന്നും വീട്ടുകാര്‍ തീരുമാനം എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ ജന്മദിനത്തിന് തിരിച്ചുവന്നില്ലെങ്കില്‍ ഇനി ഒരിക്കലും ഇങ്ങോട്ട് വരേണ്ടെന്ന കിരണ്‍ വിസ്മയയെ അറിയിച്ചു. പരീക്ഷയ്ക്കായി കോളജിൽ പോയ വിസ്മയയെ അവിടെ എത്തിയായിരുന്നു കിരണ്‍ വിളിച്ചുകൊണ്ടു പോയത്. അതിന് ശേഷം മാതാവിനെ പോലും വിളിക്കാന്‍ വിസ്മയയെ അനുവദിക്കാതിരുന്ന കിരണ്‍ നമ്പറുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്തു.






