
കൊച്ചി: കൊടകര കള്ളപ്പണക്കേസിൽ തീരുമാനം അറിയിക്കാൻ ഇഡി വീണ്ടും ഹൈക്കോടതിയിൽ സമയം ആവശ്യപ്പെട്ടു. കളളപ്പണത്തിൻ്റെ ഉറവിടം ഇഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂർ നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ മറുപടി പറയുകയായിരുന്നു ഇഡി. വിശദമായ സത്യവാങ്മൂലം എഴുതി സമർപ്പിക്കാൻ ഇഡിക്ക് ഹൈക്കോടതി രണ്ടാഴ്ച സമയം നൽകി.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഇഡിക്ക് നിലപാട് അറിയിക്കാൻ പത്ത് ദിവസത്തെ സാവകാശം നൽകിയിരുന്നു. കേരള പോലീസിൻ്റെ അധികാര പരിധിക്കപ്പുറത്ത് അന്വേഷണം നടത്തേണ്ടതിനാലാണ് ഇഡിയെ ഏൽപ്പിക്കണമെന്ന ആവശ്യം ഹർജിക്കാരൻ ഉന്നയിച്ചിരിക്കുന്നത്. പണമെത്തിയത് ബിജെപി നേതാക്കളുടെ അറിവോടെയാണെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. പണം കടത്തിയ ധർമ്മരാജിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലുള്ളതാണ് പൊലീസിൻ്റെ റിപ്പോർട്ട്.
കേസിൽ കണ്ടെടുത്ത പണവും കാറും വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ കോഴിക്കോട് സ്വദേശി ധർമ്മരാജ് നൽകിയ ഹർജി പരിഗണിക്കുന്നത് ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതി നീട്ടിവച്ചു. ഈ മാസം 30ന് വീണ്ടും പരിഗണിക്കും. പണത്തിൻ്റെ രേഖകൾ ഹാജരാക്കാനും കോടതി ധർമ്മരാജനോടാവശ്യപ്പെട്ടു.
കാറിൽ മൂന്നരക്കോടിയുണ്ടായിരുന്നുവെന്ന് ധർമ്മരാജ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ തുവരെയായി ഒന്നരക്കോടിയോളമാണ് കണ്ടെടുക്കാൻ പോലീസിന് സാധിച്ചത്. എഴുപത് ലക്ഷം രൂപയുടെ വിവിധ ഇടപാടുകൾ നടന്നതിൻ്റെ രേഖകൾ പ്രതികളെ ചോദ്യം ചെയ്തുള്ള അന്വേഷണത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് കവർച്ചാ പണവുമായി ബന്ധപ്പെട്ടതല്ലെന്നാണ് കരുതുന്നത്. ബാക്കിയുള്ള പണം പൂർണമായും കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണ് പൊലീസ്.






