
കൊച്ചി: മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറെ മർദ്ദിച്ച കേസിൽ പൊലീസുകാരന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. 'കൊച്ചി മെട്രോ പൊലീസിലെ സിവിൽ പൊലീസ് ഓഫീസർ അഭിലാഷ് ആർ ചന്ദ്രനാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ഡോക്ടറെ മർദിച്ച സംഭവത്തിൽ വിവിധ മേഖലകളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു.
മെയ് 14 നാണ് പൊലീസ് ഓഫീസർ അഭിലാഷ് ചന്ദ്രൻ മാവേലിക്കര ആശുപത്രിയിലെ ഡോക്ടർ രാഹുൽ മാത്യുവിനെ മർദ്ദിച്ചത്. അഭിലാഷിന്റെ അമ്മ കൊവിഡ് ബാധിച്ച് മരിച്ചതുമായി ബന്ധപ്പെട്ടാണ് ഡോക്ടർക്ക് മർദ്ദനമേറ്റത്. തുടർന്ന് അഭിലാഷ് ഒളിവിൽ പോയിരുന്നു. പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ നിരവധി സമരപരിപാടികൾ നടത്തിയിരുന്നു. ക്രൂരമായ മർദനമേറ്റതായും നീതി കിട്ടാത്തതിനാൽ രാജി വയ്ക്കുകയാണെന്നും മർദനമേറ്റ ഡോ രാഹുൽ മാത്യു ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കാൻ തീരുമാനമായിട്ടുണ്ട്. ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല കൈമാറി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടേതാണ് തീരുമാനം. ചെങ്ങന്നൂർ ഡിവൈഎസ്പി, മാവേലിക്കര എസ്എച്ച്ഒ എന്നിവർ സംഘത്തിൽ ഉണ്ടാകും.






