
പ്രതിസന്ധികളിൽ തളരാതെ ലക്ഷ്യം നേടി ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന വര്‍ക്കല സബ് ഇന്‍സ്പെക്ടർ എസ്.പി.ആനിക്ക് സ്ഥലംമാറ്റം. ആനിയുടെ അപേക്ഷ പരിഗണിച്ചാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിലേക്ക് ആനിയെ സ്ഥലംമാറ്റിയത്.
കുടുംബം എറണാകുളത്താണന്നും സ്ഥലമാറ്റം വേണമെന്നും നേരത്തെ ആനി അപേക്ഷിച്ചിരുന്നു. ഡിഗ്രി ആദ്യ വർഷം വിവാഹം, അതും വീട്ടുകാരെ എതിർത്ത്. മൂന്നാം വർഷം പിരിഞ്ഞു. പിന്നീട് ദുരിതങ്ങള ഏറെ അനുഭവിച്ചു. എട്ടു മാസം പ്രായമായ മകനുമായി ചെറിയ ജോലികൾ ചെയ്താണ് ജീവിച്ചത്. അപ്പോളും പതറിയില്ല. തല ഉയർത്തിപ്പിടിച്ചു തന്നെ ജീവിച്ചു.
ജോലികൾക്കിടയിലും പഠിപ്പ് മുടക്കിയില്ല. വിദൂര വിദ്യാഭ്യാസം വഴി എംഎ പൂർത്തിയാക്കി. തുടർന്നാണ് സുഹൃത്തിന്റെ സഹായത്തോടെ എസ്ഐ പരീക്ഷ എഴുതുന്നതും ജോലി ലഭിക്കുന്നതും. 12 വർഷങ്ങൾക്കിപ്പുറം സബ് ഇന്‍സ്പെക്ടറായി കാക്കിയണിഞ്ഞാണ് തന്നെ ഒറ്റപ്പെടുത്തിയവരോടും ജീവിതത്തോടും അവർ മറുപടി പറഞ്ഞത്.






