
തിരുവനന്തപുരം: രാഷ്ട്രീയ പ്രവര്‍ത്തകരുടെ പേരില്‍ കള്ളക്കേസെടുക്കുന്ന സര്‍ക്കാര്‍ കള്ളക്കടത്ത്കാര്‍ക്ക് ഒത്താശ ചെയ്യകയാണന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. സ്വര്‍ണ്ണകളളക്കടത്തിന്റെ പങ്കു പറ്റുന്നവരാണ് സിപിഎം. കള്ളക്കടത്തുകാരും അത് നിയന്ത്രിക്കുന്നവരും സിപിഎം നേതാക്കളാണെന്നതിന്റെ തെളിവുകളാണ് പുറത്ത് വരുന്നതെന്നും സുരേന്ദ്രന് ആരോപിച്ചു. കേസിന്റെ അടിവേര് പോവുന്നത് എകെജി സെന്ററിലേക്കാണ് കാരണം കൊട്ടേഷന്‍ സംഘങ്ങളുടേയും അധോലോക സംഘങ്ങളുടേയും സുരക്ഷിത കേന്ദ്രമായി കേരളം മാറിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രാമനാട്ടുകര സംഭവമെന്നും സുരേന്ദ്രന് പറഞ്ഞു. ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരക്ഷാ സംവിധാനങ്ങളുള്ള എയര്‍പോര്‍ട്ടിനടുത്ത് രണ്ട് അധോലോക സംഘങ്ങള്‍ ഏറ്റുമുട്ടിയിട്ടും ആഭ്യന്തര വകുപ്പ് അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല. ലോക്ക്ഡൗണ്‍ കാലത്ത് കണ്ണൂരില്‍ നിന്നും ചെര്‍പ്പുളശ്ശേരിയില്‍ നിന്നുമെല്ലാം എങ്ങനെയാണ് ഗുണ്ടാസംഘം കോഴിക്കോട് നഗരത്തിലും വിമാനത്താവളത്തിലുമെത്തുന്നത്. സര്‍ക്കാരിന്റെ ഒത്താശയോടെയാണ് കള്ളക്കടത്ത് സംഘം വിലസുന്നത്. എന്നതിന്റെ ഏറ്റവും വലിയ തെളിവാണത്. കണ്ണൂരില്‍ സിപിഎമ്മിന് വേണ്ടി ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്നവരാണ് കോഴിക്കോട്ടെത്തിയത്. ചെര്‍പ്പുളശ്ശേരിയില്‍ നിന്നെത്തിയ സംഘത്തിന് ഡിവൈഎഫ്ഐയുമായും എസ്ഡിപിഐയുമായും ബന്ധമുണ്ട്. ചെര്‍പ്പുളശ്ശേരി നഗരസഭാ ചെയര്മാന് സംഭവസ്ഥലത്തെത്തിയത് രാഷ്ട്രീയ ബന്ധത്തിന്റെ തെളിവാണ്.
രാഷ്ട്രീയ പ്രവര്‍ത്തകരുടെ പേരില്‍ കള്ളക്കേസെടുക്കുന്ന സര്‍ക്കാര്‍ കള്ളക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്യുകയാണ്. തിരുവനന്തപുരം അന്താരാഷ്ട്ര കള്ളക്കടത്തിനെ പോലെ തന്നെ മലബാര്‍ മേഖലയിലെ സ്വര്‍ണ്ണക്കടത്തിന് പിന്നിലും സിപിഎമ്മാണ്. സ്വര്‍ണ്ണക്കള്ളക്കടത്തുകാരന്‍ സിപിഎം ഗുണ്ട അര്ജുന് ആയങ്കി കള്ളക്കടത്തിന് ഉപയോഗിച്ച കാര്‍ സിപിഎം നേതാവിന്റേതാണ്. അന്വേഷണം സിപിഎമ്മിലേക്ക് വന്നതോടെ കുറ്റം കൊട്ടേഷന്‍ സംഘത്തിനെ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് പാര്‍ട്ടിയെന്നും സുരേന്ദ്രന് ആരോപിച്ചു.






