
മുംബൈ: പുതിയതായി കണ്ടെത്തിയ ചിലന്തി വർഗത്തിന് മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച പോലീസ് ഉദ്യോസ്ഥന്റെ പേര്. മുംബൈ ഭീകരാക്രമണത്തിൽ അജ്മൽ കസബിനെ ജീവനോടെ പിടികൂടാന്‍ സഹായിച്ച തുക്കാറാം ജി.ഓംബ്ലെയുടെ പേരിനെ അനുസ്മരിപ്പിക്കുന്ന നാമമാണ് നല്‍കിയത്. ചിലന്തിയ്ക്ക് പുതിയതായി നല്‍കിയിരിക്കുന്ന പേര് ‘എസിയസ് തുക്കാറാമി’ എന്നാണ്.
അജ്മൽ കസബ് എന്ന ഭീകരനെ ഇന്ത്യയ്ക്ക് പിടികൂടാൻ കഴിഞ്ഞത് തുക്കാറാം ജി.ഓംബ്ലെയുടെ ധീരമായ ചെറുത്തുനിൽപ്പായിരുന്നു. ആയുധം ഒന്നും ഇല്ലാതെ തന്നെ കസബിനെ ചുറ്റിപ്പിടിച്ച് അദ്ദേഹം കീഴ്പ്പെടുത്തി. ഇതിനിടെ അദ്ദേഹം വെടിയേറ്റ് വീരമൃത്യു വരിച്ചു. ഇതിന്റെ ആദരസൂചകമായിട്ടാണ് മഹാരാഷ്ട്രയിൽ നിന്നും കണ്ടെത്തിയ രണ്ട് ചിലന്തി വർഗത്തിൽ ഒന്നിന് പേര് നൽകിയിരിക്കുന്നത്.
രണ്ടാമത്തെ ഇനത്തിന് ‘ഫിന്റെല്ല ചോല്‍കി’ എന്നാണ് പേരിട്ടിരിക്കുന്നത്. ഗവേഷകനായ ധ്രുവ് പ്രജാപതിയും രാജേഷ് സനപ്പുമാണ് പുതിയ ചിലന്തികളെ കണ്ടെത്തിയത്. മുംബൈയിലെ താനെ, ആരേ മില്‍ക്ക് കോളനി എന്നിവിടങ്ങളില്‍ നിന്നാണ് ഈ ചിലന്തികളെ കണ്ടെത്തിയത്. കസബിനെ ജീവനോടെ പിടികൂടുന്നതിൽ നിർണായകമായ നീക്കം നടത്തിയ തുക്കാറാമിനെ രാജ്യം നേരത്തേ അശോകചക്ര നൽകി ആദരിച്ചിരുന്നു.






