
കൊച്ചി: ഒന്നാം പിണറായി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്തു കേസിന് ഒരു വയസാകുമ്പോഴും അന്വേഷണം പാതിവഴിയില്‍.
തുടരന്വേഷണം ഏതാണ്ട് അവസാനിപ്പിച്ച സ്ഥിതിയില്‍. 2020 ജൂണ്‍ 28 നാണു ബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്നത്. കേന്ദ്രാനുമതിയോടെ ജൂലൈ ഒന്നിനാണു ബാഗേജ് തുറന്നു പരിശോധിക്കുന്നതും കള്ളക്കടത്തു സ്വര്‍ണം പിടികൂടുന്നതും. അഞ്ചിനാണ് കസ്റ്റംസ് അന്വേഷണം തുടങ്ങിയത്. പിന്നാലെ വിവിധ കേന്ദ്ര ഏജന്‍സികള്‍ കേസന്വേഷിച്ചു. കഴിഞ്ഞ ദിവസമാണു പ്രതികള്‍ക്കു കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. പ്രതിപ്പട്ടികയില്‍ ചേര്‍ത്ത കോണ്‍സല്‍ ജനറലിനും അറ്റാഷെയ്ക്കുമുള്ള നോട്ടീസ് വിദേശകാര്യമന്ത്രാലയം വഴി അയച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി)യാണെങ്കില്‍ കുറ്റപത്രം നല്‍കാനിരിക്കുന്നതേയുള്ളൂ. അന്വേഷണം നിലച്ച മട്ടുമാണ്.
കസ്റ്റംസ്, ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.), ഇ.ഡി. എന്നീ കേന്ദ്ര ഏജന്‍സികള്‍ മാറിമാറി അന്വേഷിച്ചതിലെ കണ്ടെത്തലുകളിലും വ്യത്യാസമുണ്ട്. 53 പേരെ പ്രതികളാക്കി തീവ്രവാദബന്ധം അന്വേഷിച്ചെത്തിയ എന്‍.ഐ.എ. മുഖ്യപ്രതിയെ വരെ മാപ്പുസാക്ഷിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. ആരോപണങ്ങള്‍ക്കു തെളിവ് എവിടെ എന്ന ചോദ്യമാണ് ഇ.ഡി. കോടതിയില്‍ നേരിടുന്നത്.
പ്രതികള്‍ക്കായി മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നു വിളിച്ചെന്ന ഗുരുതരമായ ആരോപണം ഇതുവരെ തെളിയിച്ചിട്ടില്ല. ഫൈസല്‍ ഫരീദ് ഉള്‍പ്പെടെ വിദേശത്തുള്ള പ്രതികളെ എത്തിക്കാന്‍ എന്‍.ഐ.എ. ശ്രമം തുടരുകയാണ്. കോണ്‍സുല്‍ ജനറലടക്കം കോണ്‍സുലേറ്റ് ഉന്നതരെല്ലാം കള്ളക്കടത്തിനു കൂട്ടുനിന്നതായി കസ്റ്റംസ് വ്യക്തമാക്കുന്നു. പ്രതികളിലേറെ പേരും ജാമ്യത്തിലാണ്.
യു.എ.പി.എ. ചുമത്തി കേസെടുത്ത് ഒറ്റരാത്രികൊണ്ടാണു കേസിന്റെ കേന്ദ്രബിന്ദു സ്വപ്നസുരേഷിനെയും സംഘത്തെയും പിടികൂടിയത്. നാടകീയമായി കൊച്ചിയിലെത്തിച്ചു. സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ പലതവണ ചോദ്യം ചെയ്തു. മന്ത്രി കെ.ടി. ജലീല്‍ എന്‍.ഐ.എ. ഓഫിസില്‍ ഹാജരായി. തെളിവു ശേഖരിക്കാന്‍ സെക്രട്ടേറിയറ്റില്‍ വരെ പരിശോധന നടത്തി. ഒടുവില്‍ 20 പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചു. സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ ശിവശങ്കറാണെന്നു കസ്റ്റംസും എന്‍ഫോഴ്സ്മെന്റും പറയുമ്പോഴും എന്‍.ഐ.എ. കേസില്‍ ശിവശങ്കര്‍ പ്രതിയുമല്ല.
സര്‍ക്കാരിന്റെ അഭിമാനപദ്ധതികളായ ലൈഫ് മിഷനിലും കെ ഫോണിലുമെല്ലാം ആരോപണങ്ങള്‍ ഉന്നയിച്ച് അന്വേഷണം നടത്തിയെങ്കിലും ഒന്നുംനടന്നില്ല. ഇ.ഡിക്കെതിരേ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചു സര്‍ക്കാരും തിരിച്ചടിച്ചു. ഒടുവില്‍ ശിവശങ്കറിനെയടക്കം പ്രതിചേര്‍ത്തു കുറ്റപത്രം സമര്‍പ്പിച്ച ഇ.ഡി. കോടതിയില്‍ ഒന്നിലേറെ തവണ നേരിട്ടത് എല്ലാത്തിനും തെളിവ് എവിടെ എന്ന ചോദ്യം. ഇ.ഡി. അറസ്റ്റ് ചെയ്തവരെല്ലാം ജാമ്യത്തിലുമാണ്. എന്നാല്‍, നിര്‍ണായക വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്കു നല്‍കിയിട്ടും പ്രധാന പ്രതികളായ സരിത്ത്, സ്വപ്ന, സന്ദീപ് എന്നിവര്‍ കോഫെപോസ തടവുകാരായി തുടരുന്നു.






