
മോസ്കോ: കോവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് വർധിക്കുന്ന സാഹചര്യത്തിൽ വാക്സീൻ സ്വീകരിച്ചവർക്കു വീണ്ടും ബൂസ്റ്റർ ഡോസുകൾ വിതരണം ചെയ്യാനുള്ള തീരുമാനവുമായി റഷ്യ. മോസ്കോ നഗരത്തിലുള്ളവർക്കു ബൂസ്റ്റർ ഡോസുകൾ വിതരണം ചെയ്തു തുടങ്ങി.
ഡെൽറ്റ വകഭേദമാണു റഷ്യയിൽ ഇപ്പോഴുള്ള രോഗവ്യാപനത്തിനു കാരണം. കഴിഞ്ഞ 6 മാസത്തിനിടെ വാക്സീൻ സ്വീകരിച്ച എല്ലാവർക്കും ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടത്തിൽ വാക്സീൻ ബൂസ്റ്ററുകൾ നൽകാനാണു തീരുമാനം. സ്പുട്നിക് V, സ്പുട്നിക് ലൈറ്റ് എന്നീ വാക്സീനുകളായിരിക്കും ബൂസ്റ്റർ ഷോട്ടുകൾക്കായി ഉപയോഗിക്കുക.
രാജ്യത്തെ 60 ശതമാനം ആളുകൾ വാക്സീൻ സ്വീകരിക്കുന്നതു വരെ ഓരോ 6 മാസത്തിനിടെയും ഇതു തുടരും. ഇതിനിടെ വാക്സീൻ സ്വീകരിക്കാൻ ജനങ്ങൾ കാണിക്കുന്ന വിമുഖത പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്.






