
ട്രോളന്മാരുടെ ഇഷ്ട കഥാപാത്രമാണ് പുലിവാല്‍ കല്യാണം എന്ന ചിത്രത്തിലെ സലീംകുമാറിന്റെ വേഷമായ മണവാളന്‍. ട്രോളുകളില്‍ നിറഞ്ഞു നിന്ന മണവാളന്‍ എന്ന കഥാപാത്രത്തിന്റെ സൃഷ്ടാക്കളായ സിബിയുടേയും ഉദയകൃഷ്ണയുടേയും വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മണവാളന്‍ എന്ന കഥാപാത്രത്തെ കുറിച്ച് ഇവര്‍ തുറന്നു പറഞ്ഞത്.
'' പുലിവാല്‍ കല്യാണത്തിനു സെക്കന്‍ഡ് പാര്‍ട്ട് എടുക്കണമെന്ന് ഒരുപാട് പ്രാവശ്യം പലരും നിര്‍ബന്ധിച്ചിട്ടുണ്ട്. പക്ഷേ, അതിലേക്ക് പോകാന്‍ ഉള്ള ഒരു ധൈര്യം വന്നില്ല. സെക്കന്‍ഡ് പാര്‍ട്ട് വളരെയധികം റിസ്‌കുള്ള ഗെയിമാണ്. ആദ്യ ഭാഗത്തിന്റെ മുകളില്‍ നില്‍ക്കുന്ന ഒരു സിനിമ ഉണ്ടാക്കാന്‍ വലിയ പ്രയാസമാണ്. കഥാപാത്രങ്ങള്‍ എന്ത് ചെയ്യും എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് പ്രേക്ഷകര്‍ക്ക് നന്നായിട്ടറിയാം. അവര്‍ നേരത്തെ പ്രതീക്ഷിക്കും. അതാണ് കാരണം. ഓരോന്നും അതില്‍ തന്നെ കാണാനാണ് രസം. അതുകൊണ്ട് ഇനിയൊരു മണവാളന്‍ ഉണ്ടാകുമോ എന്നു പറയാനാകില്ല.
സിഐഡി മൂസ ചിത്രീകരണം നടക്കുന്ന സമയത്താണ് പുലിവാല്‍ കല്യാണത്തെ കുറിച്ചുള്ള ഡിസ്‌കഷന്‍ നടക്കുന്നത്. മുഴുനീള കോമഡി ചിത്രം. അതായിരുന്നു മനസ്സില്‍. അതോടെയാണ് ഹരിശ്രീ അശോകനും കൊച്ചിന്‍ ഹനീഫയും ജഗതിച്ചേട്ടനും സലിംകുമാറുമൊക്കെ സിനിമയിലേക്ക് വരുന്നത് '' - ഇരുവരും വ്യക്തമാക്കുന്നു.






