മൈക്രോസോഫ്റ്റ് ഉടമസ്ഥതയിലുള്ള പ്രഫഷണല്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് ലിങ്ക്ഡ്ഇനില്‍ വന്‍ വിവരചോര്‍ച്ച നടന്നു. റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ ലിങ്ക്ഡ്ഇനിലെ 70 കോടിപ്പേരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നും ഇത് ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയുമാണ്. ഇത് സംബന്ധിച്ച ഒരു ഹാക്കര്‍ ഫോറത്തില്‍ പരസ്യം വന്നതോടെയാണ് സുരക്ഷ വീഴ്ച സംശയിക്കുന്ന വിവരം പുറത്താകുന്നത്.
പാശ്ചത്യ ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് പ്രകാരം ജൂണ്‍ 22നാണ് ഡാറ്റവില്‍ക്കാനുണ്ട് എന്ന പരസ്യം പ്രത്യക്ഷപ്പെട്ടത്. 2020-21 കാലഘട്ടത്തിലെ വിവരങ്ങളാണ് ചോര്‍ന്നത് എന്നാണ് റിപ്പോര്‍ട്ട്. പരസ്യത്തിനോടൊപ്പം സാമ്പിളായി പത്ത് ലക്ഷം പേരുടെ വ്യക്തിവിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് റീസ്റ്റോര്‍ പ്രൈവസിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഉപയോക്താക്കളുടെ പേരുകള്‍, ഇ-മെയില്‍, ഫോണ്‍ നമ്പറുകള്‍, മേല്‍വിലാസം, ജിയോ ലൊക്കേഷനുകള്‍ എന്നിവ ചോര്‍ന്ന വിവരങ്ങളില്‍ ഉണ്ട്. ഇപ്പോള്‍ പരസ്യമാക്കിയ വിവരങ്ങളുടെ കൂട്ടത്തില്‍ അക്കൗണ്ട് പാസ്വേര്‍ഡുകള്‍ മുതലായവ ഇല്ലെന്നാണ് സൂചന. എന്നാൽ, ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങളില്‍ തങ്ങളുടെ ഉപയോക്താക്കളുടെ നിര്‍ണ്ണായക വിവരങ്ങള്‍ ഒന്നുമില്ലെന്ന് ലിങ്ക്ഡ്ഇന്‍ പറയുന്നു. ഇത് വിവിധ സൈറ്റുകളില്‍ പബ്ലിക്കായി ലഭിക്കുന്ന സ്ക്രാപ്പിംഗ് ഡാറ്റ മാത്രമാണെന്നും കമ്പനി പ്രതികരിച്ചു.






