ടെലികോം കമ്പനി വോഡഫോണ്‍ ഐഡിയ ആസ്തികള്‍ വിറ്റ് ഫണ്ട് സമാഹരിക്കുന്നു. ഒപ്റ്റിക് ഫൈബര്‍ യൂണിറ്റ്, ഫിക്സഡ് ലൈന്‍ സബ്സിഡിയറി, ഡാറ്റ സെന്റര്‍ ബിസിനസ് തുടങ്ങിയവയുടെ വില്‍പ്പനയിലൂടെ 7400 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. കടുത്ത പ്രതിസന്ധിയിലായിരിക്കുന്ന കമ്പനി ഇതിലൂടെ കട, കുടിശ്ശിക ബാധ്യതകള്‍ പരിഹരിക്കാനാണ് ഉദ്ദേശം.
റിപ്പോർട്ട് പ്രകാരം 2021 ഡിസംബറിനും 2022 ഏപ്രിലിനും ഇടയില്‍ 22,500 കോടി രൂപയാണ്വോഡഫോണ് ഐഡിയയ്ക്ക് അടച്ചുതീര്‍ക്കാനുള്ളത്. അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ, കടബാധ്യത, സ്പെക്ട്രം കുടിശ്ശിക തുടങ്ങി ഇനങ്ങളിലാണിത്. മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് കമ്പനിയുടെ കാഷ് ബാലന്‍സ് 350 കോടി രൂപ മാത്രമാണ്. 6,985.1 കോടി രൂപയാണ് മാര്‍ച്ച് പാദത്തില്‍ വോഡഫോണ്‍ ഐഡിയയുടെ നഷ്ടം.
ടെലികോം വിപണിയില്‍ വോഡഫോണും ഐഡിയയും തകരാൻ കാരണം റിലയന്‍സ് ജിയോയുടെ ശക്തമായ വരവാണ്. എന്നാൽ, എയര്‍ടെല്‍ കരുത്തോടെ തന്നെ നിന്ന് വിപണിയിൽ ജിയോയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ്. അതേസമയം, വിപണിയിൽ പിടിച്ചുനിൽക്കാനാണ് വോഡഫോണും ഐഡിയയും ലയിക്കാന്‍ തീരുമാനിച്ചത്. അങ്ങനെ വോഡഫോണ്‍ ഐഡിയ എന്ന ബ്രാന്‍ഡ് പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ ഇതുവരെ കാര്യമായ നേട്ടം ഒന്നും ഉണ്ടായില്ലെന്നാണ് സൂചന.






