
ഹൈദരാബാദ്: കേരളത്തെ ഉപേക്ഷിച്ച് അന്യനാട്ടിലേക്ക് ചേക്കേറാനൊരുങ്ങുന്ന കിറ്റെക്സിനെ പിടിക്കാന്‍ തെലുങ്കാന സര്‍ക്കാര്‍ മുന്നോട്ട് വെച്ചത് സൗജന്യഭൂമിയും സ്റ്റാംപ് ഡ്യൂട്ടിയും അടക്കമുള്ള സൗജന്യങ്ങള്‍. എങ്ങിനെയും കിറ്റെക്സിനെ സ്വന്തം നാട്ടില്‍ എത്തിക്കാന്‍ വിമാനം അയച്ചുകൊടുത്താണ് തെലുങ്കാന സര്‍ക്കാര്‍ കിറ്റെക്സ് ഗ്രൂപ്പിനെ തെലുങ്കു നാട്ടിലേക്ക് കൊണ്ടുവന്നത്.
വാറങ്കലില്‍ വലിയൊരു വസ്ത്ര നിര്‍മ്മാണ പാര്‍ക്ക് തയ്യാറാകുന്ന സാഹചര്യത്തില്‍ കിറ്റെക്സിന്റെ നിക്ഷേപം വലിയ മുതല്‍കൂട്ടാകുമെന്നാണ് തെലുങ്കാന സര്‍ക്കാര്‍ കരുതുന്നത്. സൗജന്യഭൂമി, മൂലധന സബ്സീഡി, സ്റ്റാംപ് ഡ്യൂട്ടി സൗജന്യം, പലിശ സബ്സീഡി, ജീവനക്കാരുടെ ശമ്പളത്തില്‍ മാസംതോറും സബ്സീഡി തുടങ്ങിയ വാഗ്ദാനങ്ങളാണ് തെലുങ്കാന കിറ്റെക്സ് എംഡിയ്ക്ക് മുന്നില്‍ ചര്‍ച്ചയില്‍ വെച്ചിരിക്കുന്നത്.
തെലുങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു ചര്‍ച്ച നടത്താന്‍ കിറ്റെക്സിനെ പ്രത്യേക വിമാനം അയച്ചാണ് ക്ഷണിച്ചത്. കേരളത്തിന്റെ അയല്‍ക്കാരായ തമിഴ്നാടും കര്‍ണാടകയും അടക്കം 10 സംസ്ഥാനങ്ങളാണ് കിറ്റെക്സിനെ സ്വന്തം നാട്ടിലേക്ക് ക്ഷണിച്ചത്. വര്‍ഷം തോറും 1100 കോടിയുടെ കുട്ടികളുടെ വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്ന കിറ്റെക്സ് ലോകത്ത് തന്നെ ഈ മേഖലയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നവരാണ്.
ഇത്തരം സൗജന്യങ്ങളൊന്നും നല്‍കാതെയായിരുന്നു കിറ്റെക്സ് കേരളത്തില്‍ വ്യവസായം നടത്തിയത്. കഴിഞ്ഞ മാസമാണ് കിറ്റെക്സ് സര്‍ക്കാര്‍ നടപടികളെ എതിര്‍ത്ത് 3500 കോടിയുടെ നിക്ഷേപ പരിപാടികളില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചത്. തന്റെ സ്ഥാപനത്തെ സര്‍ക്കാര്‍ റെയ്ഡ് കൊണ്ടു പരീക്ഷിക്കുകയാണ് എന്ന് പറഞ്ഞ സാബു ജേക്കബ് ഇതില്‍ പ്രതിഷേധിച്ചാണ് നിക്ഷേപത്തില്‍ നിന്നും പിന്മാറിയത്. ഉടന്‍ തന്നെ കിറ്റെക്സിനെ റാഞ്ചാന്‍ അനേകം സംസ്ഥാനങ്ങള്‍ രംഗത്ത് വരികയായിരുന്നു.
മൂലധന നിക്ഷേപത്തിനായി മുടക്കുന്ന കോടികളുടെ 25 ശതമാനം സബ്സീഡിയും വായ്പയ്ക്ക് അഞ്ചു വര്‍ഷത്തേക്ക് അഞ്ചു ശതമാനം പലിശാ സബ്സീഡി, വൈദ്യുതിചാര്‍ജ്ജ് നിരക്ക് കുറയ്ക്കല്‍, മാസം ഓരോ ജീവനക്കാരനും ശമ്പളത്തില്‍ 1500 രൂപ അഞ്ചുവര്‍ഷത്തേക്ക് തുടങ്ങി അനേകം ആകര്‍ഷകമായ വാഗ്ദാനമാണ് കര്‍ണാട നടത്തിയത്. വിപണിവിലയുടെ താഴ്ന്ന നിരക്കില്‍ ഭൂമിയും ജീവനക്കാര്‍ക്ക് പരിശീലനത്തിന് സ്റ്റൈപ്പന്റും അടക്കമുള്ള വാഗ്ദാനങ്ങളായിരുന്നു തമിഴ്നാടിന്റേത്.






