
ന്യൂഡൽഹി: പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ച പ്രയോജനകരമെന്ന് മുഖ്യമന്ത്രി. കൂടിക്കാഴ്ച സൗഹാർദപരമെന്നും സംസ്ഥാനത്തിന്റെ സുപ്രധാന വികസന പദ്ധതികള്‍ക്കു പ്രധാനമന്ത്രി പിന്തുണ പ്രഖ്യാപിച്ചതായും പുതിയ പദ്ധതികൾ ഏറ്റെടുക്കാന്‍ പ്രോത്സാഹിപ്പിച്ചുവെന്നും പറഞ്ഞു.
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾക്കും അനുമതി തേടി. കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന് ഉടൻ അനുമതി നൽകാമെന്ന് ഉറപ്പുകിട്ടിയെന്നും കേരളത്തിന് എയിംസ് വേണമെന്ന ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചെന്നും പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് എന്തുസഹായവും ചെയ്യാമെന്ന് വാഗ്ദാനം ചെയ്യുകയും കോവിഡ് കാലത്തെ സാമ്പത്തീക പ്രതിസന്ധി പരിഹരിക്കാന്‍ ജിഎസ്ടി വിഹിതത്തില്‍ നിന്നും സാമ്പത്തീക സഹായം ആവശ്യപ്പെടുകയും ചെയ്തതായും പറഞ്ഞു. 4524 കോടിയുടെ നഷ്ടപരിഹാരം അടിയന്തരമായി അഭ്യർഥിച്ചു.
സംസ്ഥാനത്തെ കോവിഡ് സാഹചര്യം പ്രധാനമന്ത്രിയെ വിശദമായി ധരിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. മരണനിരക്ക് വലിയ തോതിൽ കൂടാത്തതു ചൂണ്ടിക്കാട്ടി. കൂടുതൽ വാക്സീൻ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത ബോധിപ്പിച്ചു. ഈ മാസം 60 ലക്ഷം ഡോസ് വാക്സീൻ വേണമെന്നും പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. വാക്സീൻ പാഴാക്കാതിരുന്നത് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത് പ്രത്യേകം പരിഗണിക്കേണ്ടതാണെന്നും പറഞ്ഞു.
കേരളത്തിന്റെ ആരോഗ്യമേഖലയുടെ കരുത്തിനെ പ്രധാനമന്ത്രി അഭിനന്ദിച്ചെന്നും അദ്ദേഹം പറഞ്ഞു. ശബരി റെയിൽപ്പാത വേഗത്തിലാക്കുമെന്നും 2815 കോടി പദ്ധതിയുടെ പകുതി ചെലവ് സംസ്ഥാനം വഹിക്കുമെന്നും വ്യക്തമാക്കി. മാനദണ്ഡം പാലിച്ച് പുതുക്കിയ തലശ്ശേരി–മെസൂർ റെയിൽവേ ലൈനിനും അനുമതി തേടി. കണ്ണൂർ വിമാനത്താവളത്തിൽ വിദേശ വിമാനങ്ങൾക്ക് അനുമതി ലഭിക്കാത്തത് ശ്രദ്ധയിൽപ്പെടുത്തി. കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് സൗകര്യമൊരുക്കുമെന്നും അറിയിച്ചു.
സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് വിശദമായി ആരാഞ്ഞു. കപ്പൽ ഗതാഗതം മെച്ചപ്പെടുത്താൻ നിർദേശിച്ചു. ഗെയ്ൽ പൈപ്പ്ലൈൻ പദ്ധതി പൂർത്തിയാക്കിയതിൽ അഭിനന്ദിച്ചു. കേന്ദ്രവും സംസ്ഥാനവും വികസനകാര്യങ്ങളിൽ ഒന്നിച്ചുനീങ്ങണമെന്ന് നിർദേശിച്ചു. കൊച്ചിയിലെ പെട്രോ കെമിക്കൽ പ്രൊജക്ട് എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് അഭ്യർഥിച്ചു. സംസ്ഥാനത്തിന് എയിംസ് വേണമെന്ന് അഭ്യർഥിച്ചുവെന്നും പ്രധാനമന്ത്രിയുടെ പ്രതികരണം വളരെ അനുകൂലമെന്നും മുഖ്യമന്ത്രി പറഞ്ഞു.






