
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസ് ഒടുവില്‍ കവര്ച്ചക്കേസാക്കി പോലീസ് ഒതുക്കുന്നു. കവര്‍ച്ച ചെയ്യപ്പെട്ടത് ബി.ജെ.പിക്ക് വേണ്ടി കൊണ്ടുവന്ന കുഴല്‍പ്പണമാണെന്ന് തുടക്കംമുതല്‍ ഉയര്‍ത്തിയിരുന്ന ആരോപണം അവസാനിപ്പിച്ചുകൊണ്ടാണ് പോലീസ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്. കേസില്‍ ബി.ജെ.പി നേതാക്കള്‍ പ്രതികളോ സാക്ഷികളോ ആകില്ല. ഇതുവരെ അറസ്റ്റിലായ 22 ഓളം പേരെ പ്രതികളാക്കി ഈ മാസം 24ന് പോലീസ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ്.
തട്ടിയെടുത്ത രണ്ട് കോടിയിലേറെ രൂപ പ്രതികള്‍ ധൂര്‍ത്തടിച്ചു തീര്‍ത്തുവെന്നും അത് കണ്ടെടുക്കാന്‍ ബുദ്ധിമുട്ടാണെന്നും പോലീസ് പറയുന്നു. പണത്തിന്റെ ഉറവിടം സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നതാണ് ഉചിതമമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കേസില്‍ ബി.ജെ.പിയുമായി സര്‍ക്കാര്‍ ഒത്തുകളിച്ചുവെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ബി.ജെ.പി നേതാക്കളെ ഒഴിവാക്കിയത് ഒത്തുകളിയാണ്. തിരഞ്ഞെടുപ്പ് കാലം മുതലുള്ള ഒത്തുകളിയാണിതെന്നും ചെന്നിത്തല ആരോപിച്ചു.






