
ബെംഗളൂരു: ചെക്ക്ഡ്-ഇൻ ബാഗേജില്ലാതെ ക്യാബിൻ ബാഗുമായി മാത്രം യാത്ര ചെയ്യുന്നവർക്കായി കുറഞ്ഞ നിരക്കിലുള്ള പുതിയ ടിക്കറ്റ് വിഭാഗം അവതരിപ്പിച്ച് ഇൻഡിഗോ. ‘ഇൻഡിഗോ ലൈറ്റ്’ എന്ന പേരിലുള്ള ഈ എൻട്രി-ലെവൽ നിരക്ക് ഇക്കോണമി ക്ലാസ് യാത്രക്കാർക്കായാണ് ഒരുക്കിയിരിക്കുന്നത്.
ആഭ്യന്തര, രാജ്യാന്തര സർവീസുകളിൽ ഈ ടിക്കറ്റ് ലഭ്യമാകും. ജൂലൈ 1 മുതൽ ഇൻഡിഗോയുടെ വെബ്സൈറ്റിലും മൊബൈൽ ആപ്പിലുമുൾപ്പെടെയുള്ള നേരിട്ടുള്ള ബുക്കിങ് പ്ലാറ്റ്ഫോമുകളിലൂടെ മാത്രമേ ‘ഇൻഡിഗോ ലൈറ്റ്’ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകൂ. ജൂലൈ 15 മുതലുള്ള യാത്രകൾക്കാണ് ഈ ടിക്കറ്റ് ബാധകമാകുക.
ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനായി സേവനങ്ങൾ വേർതിരിച്ച് നൽകുന്ന പുതിയ തന്ത്രത്തിന്റെ ഭാഗമായാണ് ഇൻഡിഗോയുടെ നീക്കം. ഇതിന് സമാനമായി, കഴിഞ്ഞ മാസം എയർ ഇന്ത്യയും സൗജന്യ ഭക്ഷണം ഉൾപ്പെടുത്താത്ത ‘ബേസിക് ഇക്കോണമി’ നിരക്ക് അവതരിപ്പിച്ചിരുന്നു.
ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് ജെറ്റ് ഇന്ധനവില ഉയർന്നതും ചില വ്യോമപാതകൾ അടച്ചതും വ്യോമയാന മേഖലയിലെ കടുത്ത മത്സരവും ഇന്ത്യൻ വിമാനക്കമ്പനികൾക്ക് സാമ്പത്തിക സമ്മർദം വർധിപ്പിച്ചിട്ടുണ്ട്. വിമാനക്കമ്പനികളുടെ ഏറ്റവും വലിയ പ്രവർത്തനച്ചെലവായ ജെറ്റ് ഇന്ധനത്തിന്റെ വിലവർധനയെ തുടർന്നാണ് ചെലവ് നിയന്ത്രിച്ചുകൊണ്ട് യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ നൽകാനുള്ള ശ്രമങ്ങൾ കമ്പനികൾ ശക്തമാക്കുന്നത്.






