
തിരുവനന്തപുരം/ ന്യുഡല്‍ഹി: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് പൊതുഅവധി ബുധനാഴ്ചത്തേക്ക് മാറ്റി. നാളെ അവധി ഉണ്ടായിരിക്കില്ല. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ക്കുള്ള അവധി ബുധനാഴ്ചയായിരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം, ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി. കോവിഡ് വ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഏറ്റവും ഉയര്‍ന്ന സംസ്ഥാനത്ത് മതപരമായ ആഘോഷങ്ങളുടെ പേരില്‍ ഇളവ് നല്‍കുന്നതിനെതിരെ പി.കെ.ഡി നമ്പ്യാര്‍ എന്നയാളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഹര്‍ജിയില്‍ സര്‍ക്കാരിന്റെ മറുപടി ഇന്നു തന്നെ സമര്‍പ്പിക്കാന്‍ ജസ്റ്റീസ് റോഹിന്‍ടണ്‍ എഫ്.നരിമാന് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. മറുപടി സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം കേരളം തേടിയെങ്കിലും കോടതി അനുവദിച്ചില്ല.
കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞുവെങ്കിലും കേരളത്തില്‍ കുറവ് വരാത്തത് അതിശയകരമാണ്. കേരളത്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.96 % ആണ്. ഇതിനിടെയാണ് ഇളവുകള്‍ അനുവദിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി ഒരു ശതമാനത്തില്‍ താഴെയുള്ള ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും നിയന്ത്രണം തുടരുമ്പോള്‍ കേരളത്തില്‍ ഇളവ് അനുവദിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹര്‍ജിക്കാരനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് വികാസ് സിംഗ് ചൂണ്ടിക്കാട്ടി.
എന്നാല്‍ ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഇളവുകള്‍ നല്‍കിയിട്ടില്ലെന്നും ചില കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ മാത്രമാണ് അനുമതിയെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന് ജി.പ്രകാശ് ചൂണ്ടിക്കാട്ടി. ചില ഇടങ്ങ ളില്‍ മാത്രമാണ് ഇളവ്. മറ്റിടങ്ങളിലെല്ലാം നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നും അഭിഭാഷകന് അറിയിച്ചു.
ഉത്തര്‍പ്രദേശിലെ കന്‍വാര്‍ യാത്രയില്‍ കോടതി സ്വമേധയാ എടുത്ത കേസില്‍ മതപരമായ ആഘോഷത്തിന്റെ പേരില്‍ ഇളവുകള്‍ നല്‍കുന്നതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കന്‍വാര്‍ യാത്ര തടഞ്ഞുകൊണ്ട് യു.പി സര്‍ക്കാരിന് നിര്‍ദേശവും നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലെ വിഷയവും കോടതിയിലെത്തിയത്. ഇളവുകള്‍ നല്‍കിക്കൊണ്ട് കേരള സര്‍ക്കാര്‍ നിരപരാധികളുടെ ജീവന് ബലികഴിക്കുകയാണെന്ന് ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി.






