
ആമസോണിന്റെ ക്ലൗഡ് വിഭാഗമായ ആമസോണ്‍ വെബ് സര്‍വീസസ് (എഡബ്ല്യുഎസ്) ഇസ്രായേല്‍ നിരീക്ഷണ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പുമായി ബന്ധപ്പെട്ട ഇന്‍ഫ്രാസ്ട്രക്ചറുകളും എക്കൗണ്ടുകളും നീക്കം ചെയ്തു. പെഗാസസ് സോഫ്റ്റ്വെയറിന്റെ ഉടമകളാണ് എന്‍എസ്ഒ. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളിലെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പെഗാസസ് സ്പൈവെയര്‍ വിവാദത്തിന് പിന്നാലെയാണ് ആമസോണിന്റെ നീക്കം. ‘ ഞങ്ങൾ ഈ വാര്‍ത്തയെ കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ വേഗത്തില്‍ തീരുമാനമെടുത്ത് ഈ ഇന്‍ഫ്രാസ്ട്രക്ചറും അക്കൗണ്ടുകളും അടച്ചുപൂട്ടാന്‍ നടപടികളെടുത്തു,’ എഡബ്ല്യുഎസ് വക്താവ് പറഞ്ഞു.
ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ ഇന്ത്യയുള്‍പ്പെടെ 50 രാജ്യങ്ങളിലായി 50,000 ത്തിലധികം ആളുകളെ നിരീക്ഷിക്കാന്‍ ഇസ്രായേല്‍ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പില്‍ നിന്നുള്ള മിലിട്ടറി ഗ്രേഡ് പെഗാസസ് സ്പൈവെയറിനെ ഉപയോഗപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം എഡബ്ല്യുഎസ്, ആമസോണ്‍ ക്ലൗഡ് ഫ്രണ്ട് തുടങ്ങിയ വാണിജ്യ സേവനങ്ങളിലൂടെ ഫോണുകളും ഡാറ്റയും വശത്താക്കാനായി പെഗാസസ് പ്രവര്‍ത്തിച്ചു.
പെഗാസസ് സോഫ്റ്റ്വെയര് ഉപയോഗിച്ച് ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍, അഭിഭാഷകര്‍ എന്നിവരെ നിരീക്ഷിക്കുന്നതിന് സ്വേച്ഛാധിപത്യ പ്രവണതയുള്ള സര്‍ക്കാരുകള്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് ഗാര്ഡിയന് പത്രമാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. കോളുകള്‍ റെക്കോര്‍ഡ് ചെയ്യാനും ഫോട്ടോകള്‍, സന്ദേശങ്ങള്‍, ഇമെയിലുകള്‍ എന്നിവ ചോര്‍ത്താനും രഹസ്യമായി മൈക്രോഫോണുകള്‍ ആക്റ്റിവ് ആക്കാനും ഓപ്പറേറ്റര്‍മാരെ സഹായിക്കുന്ന മാല്‍വെയറാണ് പെഗാസസ്.






