
ബംഗലുരു: പ്രതിഷേധക്കാനും അച്ചടക്ക ലംഘനത്തിനും തുനിയരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് കര്‍ണാടകാ മുഖ്യമന്ത്രി ബിഎസ് യെദ്യുരപ്പ. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നേതൃമാറ്റ സൂചനയല്ലെന്ന് ആവര്‍ത്തിച്ചു പറയുമ്പോഴും മുഖ്യമന്ത്രിസ്ഥാനം രാജി വെയ്ക്കാനൊരുങ്ങുന്നു എന്ന ശക്തമായ സൂചന നല്കുന്ന ട്വീറ്റ് എന്നാണ് വിലയിരുത്തല്‍.
''ബിജെപിയുടെ വിശ്വസ്ത പ്രവര്ത്തകന് എന്ന നിലയില്‍ താന്‍ അഭിമാനം കൊള്ളുന്നു. ധാര്‍മ്മികതയിലും മഹത്തായ നിലവാരത്തില്‍ പാര്‍ട്ടിയെ സേവിക്കാന്‍ കഴിഞ്ഞത് വലിയ അംഗീകാരമായി കരുതുന്നു. പാര്‍ട്ടിയുടെ ധാര്‍മ്മികതയെ മറികടന്നുള്ള പ്രതിഷേധവും അച്ചടക്ക ലംഘനവും പാര്‍ട്ടിയെ ലജ്ജിപ്പിക്കും.'' ട്വീറ്റില്‍ യെദ്യൂരപ്പ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ യെദ്യൂരപ്പ രാജിക്കാര്യം സംസാരിക്കാനല്ല പോയതെന്നും മന്ത്രി സ്ഥാനത്ത് തുടരാനാണ് അദ്ദേഹം തന്നോട് ആവശ്യപ്പെട്ടതെന്നും യെദ്യൂരപ്പ പറഞ്ഞിരുന്നു.
അതിന് തൊട്ടുപിന്നാലെയായിരുന്നു ട്വീറ്റും. എന്നാല്‍ ഈ അപ്രതീക്ഷിത ട്വീറ്റ് പടിയിറങ്ങലിന്റെ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അതിനൊപ്പം തന്നെ താഴെയിറക്കാന്‍ കാത്തിരിക്കുന്ന കേന്ദ്ര നേതൃത്വത്തിന് തന്റെ ബലം സൂചിപ്പിക്കാനുള്ള മുന്നറിയിപ്പായും ട്വീറ്റ് വിലയിരുത്തപ്പെടുന്നുണ്ട്. കോണ്‍ഗ്രസ് ജെഡിയു സഖ്യ സര്‍ക്കാരിനെ താഴെയിറക്കി രണ്ടാമത് അധികാരമേറിയ യെദ്യൂരപ്പയെ താഴെയിറക്കാന്‍ ബിജെപിയിലെ തന്നെ എംഎല്‍എ മാര്‍ ശ്രമം തുടങ്ങിയിട്ടുള്ളതായിട്ടാണ് റിപ്പോര്‍ട്ട്.
ദക്ഷിണേന്ത്യയില്‍ കാര്യമായ ഗ്രിപ്പ് ഇല്ലാത്ത ബിജെപിയ്ക്ക് ആകെയുള്ള പിടിവള്ളിയാണ് കര്‍ണാടക. ഇവിടെ ആദ്യമായി ഭരണം നടത്തിയ ബിജെപി മുഖ്യമന്ത്രിയായ യെദ്യുരപ്പയ്ക്ക് വീര ശൈവ - ലിംഗായത്ത് സമുദായക്കാര്‍ക്കിടയില്‍ ശക്തമായ പിടിയുണ്ട്. 2019 ല്‍ കോണ്‍ഗ്രസ് - ജെഡിയു സഖ്യത്തെ വീഴ്ത്തി ഭരണം തിരിച്ചുപിടിച്ച് രണ്ടു വര്‍ഷം തികയുമ്പോഴാണ് യെദ്യൂരപ്പയ്ക്ക് എതിരേ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം നടക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്കായി യെദ്യൂരപ്പ ഡല്‍ഹിയില്‍ എത്തിയിരുന്നു. എന്നാല്‍ നേതൃമാറ്റത്തിന് സാധ്യതയില്ലെന്നാണ് പറഞ്ഞത്.






