
ന്യൂഡല്‍ഹി: വാഹനങ്ങളുടെ അപകടനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പുതിയ കാറുകളില്‍ അടുത്ത വര്‍ഷം ഒക്ടോബര്‍ മുതല്‍ എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്നു. ഇതുസംബന്ധിച്ച് മാര്‍ഗ്ഗ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. രാജ്യത്തെ കാറുകളുടെ സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായിട്ടാണ് അടുത്ത വര്‍ഷം ഒക്ടോബര്‍ മുതല്‍ പുതിയ കാറുകളില്‍ എയര്‍ബാഗ് നിര്‍ബന്ധമാക്കുന്നത്.
ഇതോടൊപ്പം തന്നെ റിയര്‍വ്യൂ ക്യാമറയും വേഗനിയന്ത്രണ അലാറവും പുതിയ കാറുകളില്‍ നിര്‍ബന്ധമാക്കും. കാര്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചാല്‍ വേഗത കൂടുതലാണെന്ന് മുന്നറിയിപ്പ് നല്കുന്ന സംവിധാനമാണ് വേഗനിയന്ത്രണ അലാറം. വേഗത മണീക്കൂറില്‍ 100 കിലോമീറ്റര്‍ കടന്നാല്‍ കാര്‍ തുടര്‍ച്ചയായി അലറാം മുഴങ്ങിക്കൊണ്ടിരിക്കും.
കാര്‍ പിന്നോട്ട് എടുക്കുമ്പോള്‍ കുട്ടികള്‍ അടക്കമുള്ളവരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനാണ് റിവേഴ്സ് ക്യാമറ. സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ മുന്നറിയിപ്പ് നല്കുന്ന സംവിധാനവും കാറുകളില്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി.






