
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയെ സ്ഥാനത്തു നിന്നും മാറ്റുന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ പെരുകുന്നതിനിടയില്‍ മന്ത്രിസഭ അഴിച്ചു പണിതാലും കോണ്‍ഗ്രസ് - ജെഡിഎസ് സര്‍ക്കാരിനെ വീഴ്ത്താന്‍ കൂടെ നിന്നവരെ മറക്കില്ലെന്ന് ബിജെപി. മന്ത്രിസഭയില്‍ എന്തെല്ലാം മാറ്റം ഉണ്ടായാലും പ്രതിപക്ഷത്ത് നിന്നും തങ്ങളുടെ പാളയത്തില്‍ എത്തിയവരുടെ മന്ത്രിസ്ഥാനം നിലനിര്‍ത്തുമെന്ന് ബിജെപി പറയുന്നു.
കോണ്‍ഗ്രസ് - ജനതാദള്‍ സഖ്യത്തെ തകര്‍ത്ത് ബിജെപിയെ തിരികെ അധികാരത്തില്‍ എത്തിക്കാന്‍ സഹായിച്ചത് കോണ്‍ഗ്രസിലും ജെഡിഎസിലും പെടുന്ന 17 നേതാക്കളായിരുന്നു . ബി.ജെ.പിയെ അധികാരത്തില്‍ എത്താന്‍ സഹായിച്ചവരെ കൈവെടിയില്ലെന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം. അതുകൊണ്ടുതന്നെ നേതൃമാറ്റം ഉണ്ടായാലും ഈ 17 പേരും സുരക്ഷിതരായിരിക്കുമെന്നാണ് സൂചന. കര്‍ണാടകാ ബിജെപിയില്‍ കാര്യമായ അഴിച്ചുപണി വരുമെന്നും യെദ്യുരപ്പയെ മാറ്റുമെന്നുമാണ് പുറത്തു വന്നിരുന്ന വിവരം.
യെദ്യൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് മാറ്റിയാല്‍ ലിംഗായത്ത് സന്യാസിമാരുള്പ്പെടെയുള്ളവര് എതിരായി മാറുമെന്നും അത് ബിജെപിയ്ക്ക് വലിയ തിരിച്ചടിയാകുമെന്നും പാര്‍ട്ടി നേതൃത്വം ഭയപ്പെടുന്നുണ്ട്. അതേസമയം യെദ്യൂരപ്പയ്ക്കെതിരെ ഉള്‍പാര്‍ട്ടി പോരും ശക്തമാണെങ്കിലും അദ്ദേഹത്തെ മാറ്റേണ്ട സാഹചര്യമില്ലെന്നാണ് സംസ്ഥാന ബി.ജെ.പി. ആദ്യം സ്വീകരിച്ച നിലപാട്. എന്നാല്‍ യെദ്യൂരപ്പയെ മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി. വിമത എം.എല്‍.എ. ബസന ഗൗഡ പാട്ടീല്‍ യത്നാല് രംഗത്തെത്തിയിരുന്നു.
യെദ്യൂരപ്പയ്ക്ക് കീഴില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് നേരിടാനുള്ള കെല്‍പ്പ് പാര്‍ട്ടിക്കുണ്ടാകില്ലെന്ന് ബസന ഗൗഡ പറഞ്ഞിരുന്നു. യെദ്യൂരപ്പയോട് രാജിവെക്കുന്നതിനെക്കുറിച്ച് ആരും പറഞ്ഞിട്ടില്ലെന്നാണ് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞിരിക്കുന്നത്. യെദ്യുരപ്പയ്ക്ക് പകരം പ്രഹ്ലാദ് ജോഷി കര്‍ണാടകാ മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്രചരിക്കുന്നതൊക്കെ മാധ്യമങ്ങള്‍ ഉണ്ടാക്കിയ കഥകള്‍ മാത്രമാണെന്നും ജോഷി പറഞ്ഞു. യെദ്യൂരപ്പയോട് രാജിവെയ്ക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടതായി തനിക്ക് യാതൊരു സൂചനയുമില്ലെന്ന് പ്രഹാദ് ജോഷി പറഞ്ഞു.
താന്‍ യദ്യൂരപ്പയുടെ പകരക്കാരനാകുമെന്നത് തന്നോട് ആരും സംസാരിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ മാത്രമാണ് ഇത് ചര്‍ച്ച ചെയ്യുന്നതെന്നും പറഞ്ഞ ജോഷി തങ്ങള്‍ക്കുള്ള ദേശീയ നേതൃത്വമാണെന്നും ഹൈക്കമാന്റല്ലെന്നും പറഞ്ഞു.






