
മുംബൈ: മാധ്യമങ്ങള്ക്കെതിരേ നടി ശില്പ ഷെട്ടി നല്കിയ കേസ് മാനനഷ്ടത്തിന്റെ പരിധിയില്‍ വരില്ലെന്ന് കോടതി. സോഷ്യല്‍ മീഡിയയെയോ മാധ്യമങ്ങളെയോ തടയാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പോലീസ് പറഞ്ഞ കാര്യം റിപ്പോര്‍ട്ട് ചെയ്താല്‍ അത് അന്തസ്സിനെ കളങ്കപ്പെടുത്താനാണെന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
പൊതുജീവിതം നിങ്ങള്‍ തിരഞ്ഞെടുത്തതല്ലേ? എന്നായിരുന്നു കോടതിയുടെ ചോദ്യം. മൊഴി രേഖപ്പെടുത്തിയപ്പോള്‍ ഭര്‍ത്താവുമായി വഴക്കിട്ടുവെന്ന് റിപ്പോര്‍ട്ട് ചെയ്തതില്‍ എന്താണ് കുഴപ്പം എന്നും കോടതി ആരാഞ്ഞു. തന്റെ മാന്യതയെ ഹനിക്കുന്നതും വ്യക്തിഹത്യ ചെയ്യുന്നതുമാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ എന്നാണ് ശില്പ ചൂണ്ടിക്കാണിക്കുന്നത്.
തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിന് 25 കോടി നഷ്ടപരിഹാരം നല്‍കണമെന്നാണ് ശില്പയുടെ ഹര്‍ജിയില്‍ പറയുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ അഭേദ്യമായ ഭാഗമാണ് തന്റെ പ്രശസ്തി എന്നും ശില്പ ഹര്‍ജിയില്‍ വ്യക്തമാക്കി.






