
ന്യൂഡല്‍ഹി: ഇന്ത്യയിലെ 12 സംസ്ഥാനങ്ങളില്‍ നടന്ന വ്യാപകമായ തെരച്ചിലിനൊടുവില്‍ രാജ്യത്തെ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ കാലാ ജാത്തേഡിയും റിവോള്‍വര്‍ റാണിയും പിടിയില്‍. ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് പട്ടിയില്‍ പെടുന്ന സന്ദീപും അനുരാധാ ചൗധരിയുമാണ് പിടിയിലായത്.
കൊള്ള, മനുഷ്യക്കടത്ത്, ഭൂമി തട്ടിയെടുക്കല്‍ തുടങ്ങി ഇന്ത്യയിലെ സംഘടിത കുറ്റകൃത്യങ്ങളുടെ തലവന്‍ എന്ന നിലയില്‍ അന്താരാഷ്ട്ര കുറ്റവാളിയാണ് കാലാ ജാതേഡിയെന്ന് ഡല്‍ഹി പോലീസ് പറയുന്നു. പോലീസിന്റെ എസ്കോര്‍ട്ടിന് മേല്‍ ആക്രമണം നടത്തിയതിന്റെ പേരില്‍ പോലീസ് ജാതേജിയെ തെരയുകയായിരുന്നു. 2020 ല്‍ ഹരിയാന പോലീസിന്റെ കസ്റ്റഡിയില്‍ നിന്നും ജാതേഡി രക്ഷപ്പെടുകയും ചെയ്തിരുന്നു.
ജാതേഡിയ്ക്കൊപ്പം റിവോള്‍വര്‍ റാണി എന്ന് അറിയപ്പെട്ടിരുന്ന ലേഡിഡോണ്‍ മാഡം മിന്‍സ് എന്നറിയപ്പെടുന്ന അനുരാധാ ചൗധരിയും അറസ്റ്റിലായിട്ടുണ്ട്. ദീര്‍ഘകാല ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള അനുരാധാ ചൗധരിയുടെ തലയ്ക്ക് 10,000 രൂപ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
അനേകം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അനുരാധയും ജാതേഡിയും വേറെ വേറെ പേരുകളില്‍ രാജ്യത്തുടനീളം ഒളിച്ചു താമസിക്കുകയായിരുന്നു. ഇന്‍സ്പെക്ടര്‍മാരായ സന്ദീപ് ദബാസിന്റെയും വിക്രം ദഹിയയുടെയും നേതൃത്വത്തില്‍ ഡല്‍ഹി പോലീസിലെ രഹസ്യാന്വേഷണ വിഭാഗം, സ്പെഷ്യല്‍ സെല്‍ എന്നീ വിഭാഗങ്ങളാണ് രണ്ടു പേരെയും അറസ്റ്റ് ചെയ്തത്. വഞ്ചന, ആയുധ നിയമലംഘനം, മനുഷ്യക്കടത്ത്, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി അനേകം കേസുകള്‍ അനുരാധാ ചൗധരിയുടെ പേരിലുണ്ട്.
2017 ല്‍ പോലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ട രാജസ്ഥാനിലെ ഗ്യാംഗ്സ്റ്റര്‍ ആനന്ദ് പാലിന്റെ വലംകൈയ്യായിരുന്നു അനുരാധാ ചൗധരി. നഗൗര്‍,സികര്‍, ഡിഡ്വാന തുടങ്ങിയ പ്രദേശങ്ങളിലെ ബിസിനസ് സമൂഹത്തിന്റെ പേടിസ്വപ്നവുമായിരുന്നു. തന്നെ അലോസരപ്പെടുത്തുന്നവര്ക്ക് നേരെ തന്റെ പ്രിയപ്പെട്ട എകെ 47 തോക്ക് ആയിരുന്നു ഉപയോഗിച്ചിരുന്നത്. രാജസ്ഥാനില്‍ 12 ലധികം ക്രിമിനല്‍ കേസുകളില്‍ പങ്കാളിത്തമുള്ള അനുരാധ ചൗധരിയ്ക്ക് എതിരേ നഗൗരില്‍ തട്ടിക്കൊണ്ടുപോകല്‍, മനുഷ്യക്കടത്ത് വെടിവെയ്പ്പ് കേസുകളുമുണ്ട്.
ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്ണോയി ഗുബേ ഗുജ്ജാര്‍, കലാ റാണ എന്നിവരുടെ യോജിച്ചുള്ള ഓപ്പറേഷനുകളെ നയിചചിരുന്നത് കാലാ ജാത്തേഡിയും അനുരാധാ ചൗധരിയുമായിരുന്നു. ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ള ക്വട്ടേഷനും ഇവര്‍ ചെയ്തിരുന്നു.






