
ചാലക്കുടി: അങ്കമാലി, കൊരട്ടി, കൊച്ചിയിലെ വിവിധ സ്ഥലങ്ങള്‍ ഉള്‍പ്പെടെ ആറിടത്ത് സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിപ്പിച്ച മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. ചാലക്കുടി ഡിവൈഎസ്പി സി ആര് സന്തോഷ് നടത്തിയ അന്വേഷണത്തിലാണ് സമാന്തര ടെലഫോണ്‍ എക്സചേഞ്ച് കണ്ടെത്തിയത്.
ഇതുമായി ബന്ധപ്പെട്ട് വഴിച്ചാല് ആളൂര്‍ വീട്ടില്‍ ഹക്കീം(32), അങ്കമാലി പാറേക്കാരന്‍ നിതിന്‍(32), മഞ്ചേരി വള്ളിക്കപേട്ട റഷീദ്(28)എന്നിവരെ അറസ്റ്റ് ചെയ്തു. വിദേശത്ത് നിന്നും ചെലവ് കുറച്ച് ഫോണ്‍ കോളുകള്‍ വിളിക്കാനുള്ള സംവിധാനമാണ് സമാന്തര എക്സ്ചേഞ്ച് എന്ന് പോലീസ് പറഞ്ഞു. ഇങ്ങനെയുള്ള കോളുകള്‍ വരുമ്പോള്‍ നമ്പറുകള്‍ ചുരുക്കം മാത്രമേ കാണൂ. തിരിച്ച് വിളിച്ചാല്‍ കിട്ടുകയുമില്ല. ഇത് നിയമവിരുദ്ധമായ ഫോണ്‍ വിളികളാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചാലക്കുടി ഡിവൈഎസ്പി ക്ക് ലഭിച്ച രഹസ്യ വിവരമനുസരിച്ചായിരുന്നു അന്വേഷണം. അങ്കമാലി, അത്താണി, പച്ചാളം തുടങ്ങി ആറിടത്തായിരുന്നു പ്രവര്‍ത്തനം. പ്രതികള്‍ ഉപയോഗിച്ചിരുന്ന സാമഗ്രികള്‍ പോലീസ് പിടിച്ചെടുത്തു. ആരാണ് ഫോണ്‍ വിളികളുടെ ഉപഭോക്താക്കളെന്ന് കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. കള്ളക്കടത്ത് സംഘങ്ങള്‍ ഇച് മറയാക്കി ആശയവിനിമയം നടത്തിയിരുന്നോ എന്നും അന്വേഷിച്ച് വരികയാണ്. സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ചിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നത് വിദേശ രാജ്യങ്ങളില്‍ നിന്നാണ്. വഴികള്‍ കണക്റ്റ് ചെയ്യുന്ന ജോലിയാണ് അറസ്റ്റിലായ മൂന്ന് പേരും ചെയ്തിരുന്നതെന്നും പോലീസ് അറിയിച്ചു.






