
ന്യൂഡൽഹി: സംസ്ഥാനത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്താനായിട്ടില്ലെന്ന് സി.എസ്.ഐ.ആർ. പഠനസംഘത്തിന്റെ റിപ്പോർട്ട്. ഡെൽറ്റ വകഭേദംതന്നെയാണ് കേരളത്തിലും കാണുന്നതെന്ന് റിപ്പോർട്ട് പറയുന്നു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നത്
വൈറസിന്റെ പുതിയ വകഭേദം മൂലമാകാമെന്നു
വിദഗ്ധർ സംശയം പ്രകടിപ്പിച്ചിരുന്നു. സംസ്ഥാനത്തെ 12 സർക്കാർ മെഡിക്കൽ കോളേജുകൾ, പബ്ലിക് ഹെൽത്ത് ആൻഡ് റീജണൽ ലബോറട്ടറീസ്, ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ബയോമെഡിക്കൽ റിസർച്ച് (എം.ജി. സർവകലാശാല), കാസർകോട് കേന്ദ്രസർവകലാശാല, 14 ജില്ലകളിലെയും സർവൈലൻസ് യൂണിറ്റുകൾ എന്നിവയുമായി സഹകരിച്ചാണ് സി.എസ്.ഐ.ആർ. പഠനം നടത്തുന്നത്.
ജൂണിലും ജൂലായ് ആദ്യവാരവും കേരളത്തിലെ 14 ജില്ലകളിൽനിന്നായി 835 സാംപിളുകൾ പരിശോധിച്ചതിൽ 753-ഉം ഡെൽറ്റ (ബി.1.617.2) വകഭേദമാണ്. ബാക്കിയുള്ളവയും നേരത്തേ കണ്ടെത്തിയിട്ടുള്ള വകഭേദങ്ങളാണ്.






