
ന്യൂഡല്‍ഹി: പെഗാസസുമായി ബന്ധപ്പെട്ട ഫോണ്‍ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്ന് വെച്ച് മുമ്പോട്ട് പോകുമ്പോള്‍ എന്‍ഡിഎ യില്‍ തന്നെ ഭിന്നതയുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍. വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ ആവലാതി പരിഹരിക്കണമെന്നും വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണമെന്നും നിതീഷ്കുമാര്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് അനുകൂലമായി ശബ്ദമുയര്‍ത്തുന്ന എന്‍ഡിഎ യിലെ ആദ്യ നേതാവാണ് നിതീഷ്കുമാര്‍. രാജ്യത്തിന്റെ പുരോഗതിക്ക് തടസ്സം നില്ക്കുന്ന വിദേശശക്തികളാണ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിന് പിന്നിലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യത്തില്‍ പാര്‍ലമെന്റിന് അകത്തും പുറത്തുമെല്ലാം ഉയര്‍ന്ന പ്രതിഷേധങ്ങളെ ബിജെപി സര്‍ക്കാര്‍ പരിഗണിച്ചതേയില്ല എന്നിരിക്കെ ആണ് നിതീഷ് തന്നെ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. പെഗാസസുമായുള്ള എല്ലാ കാര്യങ്ങളും പരസ്യമാക്കണമെന്നാണ് ആവശ്യം.
ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് ദിവസങ്ങളായി കേള്‍ക്കുകയാണ്. പെഗാസസില്‍ അന്വേഷണം വേണം. പാര്‍ലമെന്റിലും വിഷയം ചര്‍ച്ച ചെയ്യണം. പ്രതിപക്ഷം ദിവസങ്ങളായി ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്. അതിനാല്‍ വിഷയം ചര്‍ച്ച ചെയ്യപ്പടണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. ഇസ്രായേല്‍ നിര്‍മിത ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളുടെയും കേന്ദ്ര മന്ത്രിമാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ജനങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം നടപടികള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ല. എല്ലാ സത്യങ്ങളും പൊതുജന മദ്ധ്യത്തില്‍ എത്തണം. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് തൊട്ടു മുമ്പായിരുന്നു പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രതിപക്ഷ നേതാവ്, ആക്ടിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍ ബിജെപി സര്‍ക്കാരിലെ സ്വന്തം മന്ത്രിമാരുടെ വരെ ഫോണുകള്‍ ചോര്‍ത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിഷയം ഇതുവരെ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടില്ല.






