
അഹമ്മദാബാദ്: ടോക്യോ ഒളിമ്പിക്സില്‍ സെമി മത്സരം കളിക്കുന്നതിനിടയില്‍ ഇന്ത്യന്‍ ഹോക്കിടീമിന് നാട്ടിലും കോളടിച്ചു. ഒളിമ്പിക്സിലെ മെഡലുമായി എത്തിയാല്‍ ടീമിലെ കളിക്കാര്‍ക്കായി കാത്തിരിക്കുന്നത് വീടും കാറും പണവും ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍. ഗുജറാത്തിലെ ഡയമണ്ട് വ്യാപാരി ശിവജി ധോലാക്യ ചൊവ്വാഴ്ച അദ്ദേഹത്തിന്റെ ഹരികൃഷ്ണാ ഗ്രൂപ്പ് കളിക്കാര്‍ക്ക് വീടോ കാറോ 11 ലക്ഷം രൂപയോ നല്‍കുമെന്ന് പ്രഖ്യാപിച്ചു.
കളിക്കാരുടെ വീര്യം കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് ഇദ്ദേഹം പറയുന്നു. മെഡലുമായിട്ടാണ് ടീം വരുന്നതെങ്കില്‍ വീടുള്ളവര്‍ക്ക് അഞ്ചു ലക്ഷത്തിന്റെ പുതിയ കാര്‍ നല്‍കുമെന്നും പറയുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. മീരാബായി ചാനുവിനെ താന്‍ പ്രചോദിപ്പിച്ചു. ചാനു ഒരു ചെറിയ വീട്ടിലാണ് താമസിക്കുന്നത്. പക്ഷേ അവര്‍ മെഡല്‍ നേടി. വീടില്ലാത്തവര്‍ക്ക് 11 ലക്ഷം രൂപയും കാര്‍ വേണ്ടാത്തവര്‍ക്ക് അഞ്ചു ലക്ഷം രൂപയും നല്‍കും. മത്സര ദിവസം ഇന്ത്യന്‍ ഹോക്കി ടീമിനും ഇതേ വാഗ്ദാനം നല്‍കുകയാണ് എന്നും ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്ട്രേലിയയെ ഒരു ഗോളിന് വീഴ്ത്തിയാണ് ഇന്ത്യ സെമിയില്‍ കടന്നത്. സെമിയില്‍ ഇന്ത്യ അര്‍ജന്റീന വനിതകളെയാണ് നേരിടുക. ഇതാദ്യമായിട്ടാണ് ഇന്ത്യന്‍ വനിതാ ടീം ഓസ്ട്രേലിയയെ തോല്‍പ്പിക്കുന്നതും ഒളിമ്പിക്സിന്റെ സെമിയില്‍ കടക്കുന്നതും. ഗോളി സവിതാ പൂനിയയുടെ മികച്ച പ്രകടനവും ഗുര്‍ജിത് കൗര്‍ പെനാല്‍റ്റി കോര്‍ണറില്‍ നിന്നും നേടിയ ഗോളുമായിരുന്നു ഇന്ത്യയുടെ വിജയത്തിന് ആധാരമായത്.






