
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരത്തിലൂടെ കടന്നുപോകുന്ന റോഡ് നിര്‍മ്മിച്ച് ഇന്ത്യ. കിഴക്കന്‍ ലഡാക്കില്‍ 19,300 അടി ഉയരത്തില്‍ ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് റോഡ് നിര്‍മ്മിച്ചതായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിനേക്കാള്‍ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നതെന്നും പറയുന്നു.
നേപ്പാളിലെ ബേസ് ക്യാമ്പ് 17,598 അടി ഉയരത്തിലും ടിബറ്റിലേത് 16,900 അടി ഉയരത്തിലുമാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ റോഡ് സ്ഥിതി ചെയ്യുന്നത് ദക്ഷിണ അമേരിക്കന്‍ രാജ്യമായ ബൊളീവിയയിലാണ്. 18,953 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ റോഡിന്റെ റെക്കോഡാണ് ഉംലിംഗാ പാസില്‍ നിര്‍മ്മിച്ചിട്ടുള്ള റോഡ് മറികടന്നത്. ലഡാക്കിലെ ടൂറിസം ലക്ഷ്യമിട്ടാണ് റോഡ് നിര്‍മ്മിച്ചതെന്നും ഇത് ഇവിടുത്തെ സാമൂഹ്യ സാമ്പത്തീക മേഖലകള്‍ക്ക് ഗുണകരമായി മാറുമെന്നും സര്‍ക്കാര്‍ പറയുന്നു.
ഇത്തരം ഉയര്‍ന്ന പാളികളലുള്ള അടിസ്ഥാന സൗകര്യ വികസനം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു എന്നും പറഞ്ഞിട്ടുണ്ട്. കടുത്ത മഞ്ഞില്‍ ഇവിടെ താപനില മൈനസ് 40 ഡിഗ്രി സെല്‍ഷ്യസ് വരെയാകും. ഓക്സിജന്‍ ലെവല്‍ സാധാരണ സ്ഥലത്തിന്റെ 50 ശതമാനം കുറയുകയും ചെയ്യും.
ഉംലിംഗാ പാസിലൂടെ 52 കി.മീ. നീളത്തിലാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. കിഴക്കന്‍ ലഡാക്കിലെ ചുമാറിലെ പ്രധാന നഗരങ്ങളെ റോഡ് ബന്ധിപ്പിക്കുന്നു. ലഡാക്കില്‍ ഉയരങ്ങളിലുള്ള റോഡ് ഇത് മാത്രമല്ല. 17,600 അടി മുകളിലുള്ള ഖര്‍ദുംഗ് ലാപാസും ഇതിനൊപ്പമുണ്ട്. ഉയരം കൂടിയ റോഡിന്റെ കാര്യത്തില്‍ തൊട്ടുപിന്നിലുള്ള ബൊളീവിയയിലെ റോഡ് ഉട്ടുറുങ്കു അഗ്നിപര്‍വ്വതവുമായി ബന്ധപ്പിക്കുന്നതാണ്.






