
ന്യൂഡല്‍ഹി: പുതിയ വോട്ടര്‍മാരുടെ രജിസ്ട്രേഷനായി ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയോട് കേന്ദ്ര സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൂടി താത്പര്യ പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു ആവശ്യം യുഐഡിഎഐയുടെ മുന്നില്‍ വെച്ചിട്ടുള്ളത്.
നിര്‍ദേശം യുഐഡിഎഐ അംഗീകരിച്ചാല്‍ പുതിയ വോട്ടര്‍മാര്‍ക്ക് ആധാര്‍ ഉപയോഗിച്ച് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം. വോട്ടര്‍ ഐഡി ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് ഇരട്ട വോട്ടുകള്‍ തടയുന്നതിനും കള്ളവോട്ടുകള്‍ ഇല്ലാതാക്കുന്നതിനും സഹായകരമാകുമെന്ന് 2019-ഓഗസ്റ്റില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനയച്ച കത്തില്‍ അറിയിച്ചിട്ടുണ്ട്.
നിലവില്‍ വോട്ടര്‍ ഐഡി നല്‍കിയവരോടും ആധാര്‍ കാര്‍ഡ് ആവശ്യപ്പെടാന്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി വരുത്തണണെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആധാര്‍ ഇല്ലാത്തവര്‍ക്ക് വോട്ടര്‍ ഐഡിയോ വോട്ടോ നിഷേധിക്കാനും പാടില്ലെന്ന് നിര്‍ദ്ദിഷ്ട ഭേദഗതിയില്‍ പറയുന്നു.
എച്ച്.എസ്.ബ്രഹ്‌മ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കെ 2015-ലാണ് വോട്ടര്‍ ഐഡിയുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ചത്. എന്നാല്‍ ആ വര്‍ഷം ഓഗസ്റ്റില്‍ റേഷന്‍ വിതരണത്തിനും പാചകവാതക വിതരണത്തിനും ആധാര്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ നടപടി നിര്‍ത്തിവെച്ചു. അതേ സമയം തിരഞ്ഞെടുപ്പ് കമ്മീഷന്‍ 38 കോടി വോട്ടര്‍ ഐഡി ഇതിനോടകം ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.






