
മലപ്പുറം : പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ വിവാദ പ്രസ്താവന നടത്തിയ പാണക്കാട് മുയിന്‍ അലി തങ്ങളെ പരസ്യമായി തള്ളിയ പാണക്കാട് കുടുംബം രഹസ്യമായി പിന്തുണയറിയിച്ചു.
മുയിന്‍ അലിയുടെ പ്രവൃത്തി പാര്‍ട്ടിക്കു ക്ഷീണമായെന്നു വിലയിരുത്തിയ പാണക്കാട് കുടുംബയോഗം, അദ്ദേഹത്തിനു പരസ്യമായി പിന്തുണ നല്‍കേണ്ടെന്നു തീരുമാനിച്ചിരുന്നു. എന്നാല്‍ പാണക്കാട് റഷീദലി തങ്ങളുടെ നേതൃത്വത്തില്‍ അന്നുതന്നെ സ്ഥലത്തുള്ള തങ്ങള്‍മാരുടെ യോഗം ചേരുകയും മുയിന്അലിക്കെതിരേ നടപടിയെടുക്കുന്നതിനോട് വിയോജിക്കുകയുമായിരുന്നു.
മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗംകൂടിയായ പാണക്കാട് സാദിഖലി തങ്ങളും യോഗത്തിലുണ്ടായിരുന്നു. എന്നാല്‍ മുയിന്അലിയുടെ പ്രവര്‍ത്തനംകൊണ്ടു പാര്‍ട്ടിക്കുണ്ടായ ക്ഷീണം ചെറുതല്ലെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍, പാണക്കാട് കുടുംബാംഗത്തിനെതിരേ നടപടിയെടുക്കുന്നതു ഭാവിയില്‍ പാര്‍ട്ടിക്കും കുടുംബത്തിനും ദോഷംചെയ്യുമെന്ന ചില മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് അദ്ദേഹം പൊതുനിലപാടിനോടു യോജിക്കുകയായിരുന്നു.അന്നുച്ചയോടെ കുഞ്ഞാലിക്കുട്ടിയെ ഇക്കാര്യം ഫോണില്‍ വിളിച്ചറിയിച്ചു. പരസ്യ പ്രസ്താവനകള്‍ ഉണ്ടായിട്ടും സംയമനത്തോടു കൂടി വിഷയം കൈകാര്യംചെയ്ത കുഞ്ഞാലിക്കുട്ടിയുടെ നിലപാടും ഇതിനിടെ ചര്‍ച്ചയായി.
ഹമീദലി തങ്ങള്‍, അബ്ബാസലി തങ്ങള്‍, ബഷീറലി തങ്ങള്‍ തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. മുനവ്വറലി ശിഹാബ് തങ്ങള്‍ ബിഹാറില്‍ പോയതിനാല്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ല. എങ്കിലും നിലപാട് അറിയാന്‍ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. നിലവില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഹൈദരലി തങ്ങളെ വിവരം അറിയിച്ച് അദ്ദേഹത്തിന്റെ തീരുമാനം അറിഞ്ഞ ശേഷം മാത്രം മറ്റു നടപടികളെടുത്താല്‍ മതിയെന്ന തീരുമാനം ആദ്യം എടുത്തതും പാണക്കാട് കുടുംബാംഗങ്ങളാണ്.
ഇക്കാര്യം പിന്നീട് ഉന്നതാധികാര സമിതിയില്‍ സാദിഖലി തങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ ഭൂരിഭാഗവും അംഗീകരിക്കുകയും ചെയ്തു. കടുത്ത നടപടികളൊന്നും മുയീന്അലിക്കെതിരേ ഉണ്ടാകില്ലെന്ന സൂചനയാണ് പാണക്കാട്ടെ കുടുംബാഗങ്ങള്‍ വഴി ലഭിക്കുന്ന വിവരം.
വി.പി.നിസാര്‍






