
ന്യുഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിലെ അവസാന ദിവസം നാടകീയ രംഗങ്ങള്‍. പെഗാസസ് വിഷയത്തില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നതോടെ ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.
രാജ്യസഭ ഇന്ന് ഏറെ വൈകാരിക രംഗങ്ങളിലൂടെയാണ് കടന്നുപോയത്. സഭയില്‍ ബഹളം തുടരുന്നതിനിടെ സംസാരിച്ച ചെയര്മാന് കൂടിയായ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു വിതുമ്പി. സഭയിലെ ബഹളങ്ങള്‍ തന്നെ ഏറെ അലോസരപ്പെടുത്തുന്നു. കഴിഞ്ഞ രാത്രികളിലൊന്നും തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല. കര്‍ഷകരുടെ അവസ്ഥ ചര്‍ച്ച ചെയ്യാനുള്ള സുവര്‍ണാവസരമായിരുന്നു ഇന്നലെ. പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ ശ്രീകോവില്‍ ആയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
സഭയുടെ പരിപാവനത ചില അംഗങ്ങള്‍ തകര്‍ത്തു. രോഷം പ്രകടമാക്കാന്‍ വാക്കുകളില്ല. സഭാ നടപടികള്‍ ജനങ്ങള്‍ ടെലിവിഷനിലുടെ വീക്ഷിക്കുന്നുണ്ട്. പവിത്രത കല്പിക്കുന്ന സ്ഥലത്ത് അതിന്റെ ശുദ്ധി നശിപ്പിക്കുന്ന വിധത്തിലുള്ള സംഘര്‍ഷമാണ് നടക്കുന്നതെന്നും ചെയര്മാന് പറഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടെ സഭ 12 മണിവരെ നിര്‍ത്തിവച്ചു.






