
ലക്നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഒരുകൂട്ടം ആള്ക്കാര് മുസ്ളീം യുവാവിനെ മര്‍ദ്ദിക്കുകയും 'ജയ് ശ്രീറാം' എന്നു വിളിപ്പിച്ചുകൊണ്ട് തെരുവിലൂടെ നടത്തിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. പ്രദേശ വാസികള്‍ പകര്‍ത്തിയ വീഡിയോ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.
ഇയാളുടെ കയ്യില്‍തൂങ്ങി കൊച്ചുമകള്‍ പിതാവിനെ വെറുതേവിടാന്‍ യാചിക്കുന്നതും ദൃശ്യത്തിലുണ്ട്. ഇയാളെ മര്‍ദ്ദിച്ച ശേഷം പിന്നീട് പോലീസിന് കൈമാറി. ബുധനാഴ്ചയായിരുന്നു സംഭവം. ഇയാളെ പിന്നീട് പോലീസും കസ്റ്റഡിയില്‍ ഇയാളെ മര്‍ദ്ദിച്ചതായി ദേശീയ മാധ്യമങ്ങള്‍ പറയുന്നു.
സംഭവം നടന്ന സ്ഥലത്ത് നിന്നും 500 മീറ്റര്‍ അകലെ ബജ്റംഗദളിന്റെ ഒരു യോഗം നടന്നിരുന്നു. യോഗത്തിന് പിന്നാലെയാണ് യുവാവിന് നേരെ ആക്രമണം നടത്തിയത്. ഇവിടെ മുസ്ളീങ്ങള്‍ ഹിന്ദു പെണ്‍കുട്ടികളെ മതംമാറ്റാന്‍ ശ്രമിക്കുന്നു എന്ന് ഇവര്‍ ആരോപിക്കുന്നുണ്ട്.
മര്‍ദ്ദനമേറ്റയാള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദേശവാസിയായ വിവാഹബാന്ഡ് നടത്തുന്ന ഒരാള്‍ക്കെതിരേ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന പേരില്‍ കേസ് എടുത്തിട്ടുണ്ട്. ഇയാളുടെ മകന്, അജ്ഞാതരായ 10 പേര്‍ക്കുമെതിരേയാണ് കേസ്.
അതേസമയം കേസില്‍ ഉള്‍പ്പെട്ടവര്‍ക്കാര്‍ക്കും ബജ്റംഗദളുമായി ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്. അതേസമയം ഇ റിക്ഷാ ഓടിക്കുന്നയാളാണ് താനെന്നും മുന്ന് മണിയോടെ അക്രമികള്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പോലീസ് എത്തിയത് കൊണ്ട് താന്‍ രക്ഷപ്പെട്ടതെന്നും ഇയാള്‍ പരാതിയില്‍ പറയുന്നു.
അതേസമയം ഇതുവരെ ഇയാള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയിട്ടില്ല. അതേസമയം ഇവിടെ താമസിക്കുന്ന ഇയാളുടെ ബന്ധുവും മറ്റൊരാളും തമ്മില്‍ തര്‍ക്കം നില നില്‍ക്കുന്നുണ്ട്. രണ്ടു കുടുംബവും പരസ്പരം പ്രദേശത്തെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
പ്രശ്നത്തില്‍ അടുത്തിടെ ഇടപെട്ട ബജ്റംഗദള്‍ ഇരയുടെ ബന്ധുവിന്റെ കുടുംബത്തിന് എതിരേ മത പരിവര്‍ത്തന ആരോപണം ഉന്നിയിച്ച് ബജ്റംഗദള്‍ എത്തുകയായിരുന്നു.






