
ന്യുഡല്‍ഹി: അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ താലിബാന് കാബൂളില്‍ ജയിലുകള്‍ തുറന്നുവിട്ട് തടവുകാരെ മോചിപ്പിച്ചു. അല്‍ ഖ്വയ്ദ, ഐ.എസ് ഭീകരരടക്കമുള്ള 5000 ഓളം തടവുകാരാണ് മോചിതരായത്. ഐ.എസില്‍ ചേരാന്‍ ഇന്ത്യയില്‍ നിന്നും പോയ നിമിഷ ഫാത്തിമ അടക്കമുള്ള എട്ട് മലയാളികളും മോചിപ്പിക്കപ്പെട്ടവരിലുണ്ടെന്നാണ് സൂചന.
ഐ.എസില്‍ ചേരാനായി സിറിയയില്‍ എത്തുകയും അവിടെ നിന്ന് അഫ്ഗാനിസ്താനില്‍ എത്തവേ സൈന്യം പിടികൂടി ജയിലില്‍ അടച്ചതാണ് ഇവരെ. കാബൂളിലെ ബദാം ബാഗ്, പുള്ളി ചര്‍ക്കി എന്നിവിടങ്ങളിലെ തടവുകാരെയാണ് താലിബാന് മോചിപ്പിച്ചത്.
21 പേരാണ് ഇന്ത്യയില്‍ നിന്നും ഐ.എസില്‍ ചേരാന്‍ പോയത്. ഏതാനും പേര് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അഫ്ഗാനിസ്താനിലെ ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ഇവര്‍ മറ്റ് രാജ്യങ്ങളിലൂടെ ഇന്ത്യയിലേക്ക് തിരിച്ചുവന്നേക്കാമെന്നാണ് ഇന്റലിജന്‍സ് നല്കുന്ന മുന്നറിയിപ്പ്. അതിത്തികളിലും തുറമുഖങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശവും നല്‍കും.
2016ലെ നിമിഷ ഫാത്തിമ പാലക്കാട് സ്വദേശിയായ ഭര്‍ത്താവ് ബെക്സനോടൊപ്പം ഐ.എസില്‍ ചേരാന്‍ സിറിയയിലേക്ക് പോയത്. അഫ്ഗാന് ജയിലില്‍ കഴിയുന്ന ഇവരെ തിരിച്ചയക്കാന്‍ ഭരണകൂടം തയ്യാറായിരുന്നുവെങ്കിലും രാജ്യസുരക്ഷ പരിഗണിച്ച് ഇന്ത്യ സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ നിമിഷയേയും മകള്‍ ഉമ്മു കുല്‍സുവിനേയും നാട്ടിലെത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കുഞ്ഞിന്റെ സംരക്ഷണം വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് നിമിഷയുടെ അമ്മ ബിന്ദു കോടതിയെ സമീപിച്ചിരുന്നു.






