
കൊച്ചി: വിവാഹിതരല്ലാത്ത സ്ത്രീകൾ കൃത്രിമ ബീജസങ്കലനത്തിലൂടെ ജന്മം നൽകുന്നത് പരിഗണിച്ച് കുട്ടികളുടെ ജനന രജിസ്ട്രേഷനായി അച്ഛന്റെ പേര് ചേർക്കാനുള്ള കോളമില്ലാത്ത പ്രത്യേക അപേക്ഷാ ഫോറവും സർട്ടിഫിക്കറ്റും നൽകണമെന്ന് ഹൈക്കോടതി.
കൃത്രിമ ബീജസങ്കലനത്തിലൂടെ ഗർഭിണിയായ യുവതി നൽകിയ ഹർജി അനുവദിച്ചുകൊണ്ടാണിത്. അമ്മയുടെയും കുഞ്ഞിന്റെയും അന്തസ്സിനെ ബാധിക്കുന്നതാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവ്.
അതെ സമയം, ഇതിന്റെ ദുരുപയോഗം തടയുന്നതിനായി ഇത്തരത്തിലുള്ള രജിസ്ട്രേഷനായി സമീപിക്കുന്നവരിൽനിന്ന് എ.ആർ.ടി. മാർഗത്തിലൂടെ ഗർഭിണിയായതാണെന്ന് കാണിക്കുന്ന സത്യവാങ്മൂലവും മെഡിക്കൽ രേഖയുടെ പകർപ്പും വാങ്ങി പ്രത്യേകം ഫോറം നൽകണം എന്നും നിർദേശമുണ്ട്.






