
കാബൂള്‍: താലിബാന് പിടിമുറുക്കയതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായി മാറിയ അഫ്ഗാനിസ്ഥാനില്‍ 60 ഹിന്ദുക്കളെയും സിഖുകാരെയും ഇന്ത്യയിലേക്ക് ഒഴിപ്പിക്കുന്നതിനായി സുരക്ഷിത താവളത്തിലേക്ക് മാറ്റി. കാര്‍ട്ടേ പര്വാണിലെ ഗുരുദ്വാര സിംഗ് സഭയില്‍ കഴിഞ്ഞിരുന്നവരെയാണ് മാറ്റുന്നത്. ഇവരില്‍ പലരും തങ്ങളെ കാനഡയിലേക്കോ അമേരിക്കയിലേക്കോ ആകണമെന്ന് ആഗ്രഹിക്കുന്നവരാണ്.
കുറേക്കാലം ഇന്ത്യയില്‍ കഴിഞ്ഞ ശേഷം തങ്ങളുടെ വേരുകള്‍ വരുന്ന ഇവിടേയ്ക്ക് പോകണമെന്നാണ് പലരുടേയും ആഗ്രഹം. സിഖ് സമുദായത്തില്‍ നിന്നും രണ്ടുപേര്‍ അഫ്ഗാന് പാര്‍ലമെന്റിലുണ്ട്. ഉപരിസഭയില്‍ ഉണ്ടായിരുന്ന അനാര്‍ക്കലി കൗര്‍ ഹോണാര്യരും അധോസഭയില്‍ അംഗമായ അഫ്ഗാനിലെ സിഖ് നേതാവ് അവതാര്‍ സിംഗ് ഖല്‍സയുടെ മകന് നരേന്ദര്‍ സിംഗ് ഖാല്സയേയുമാണ് അത്. ഇരുവരും സുരക്ഷിത താവളത്തിലേക്ക് മാറ്റപ്പെട്ടവരിലുണ്ട്. 2018 ല്‍ ജലാലാബാദ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടയാളാണ് അവതാര്‍ സിംഗ് ഖല്‍സ.
ഒരാഴ്ചയ്ക്കിടെ സിഖ് ഹിന്ദു വിഭാഗങ്ങളിലെ 285 പേരെയാണ് ഗുരുദ്വാരയിലേക്ക് മാറ്റിയത്. ഇവരില്‍ ഭൂരിഭാഗവും ഗസ്നി, ജലാലാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. താലിബാന് അഫ്ഗാന് പിടിച്ചതിന് പിന്നാലെ തങ്ങളെ അമേരിക്കയിലേക്കോ കാനഡിലേക്കോ ഒഴിപ്പിക്കണമെന്ന് അഫ്ഗാനിസ്ഥാനിലെ സിഖുകാര്‍ വീഡിയോയിലൂടെ അപേക്ഷിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയില്‍ അഫ്ഗാന് സിഖുകാര്‍ക്ക് ഇന്ത്യയില്‍ നിന്നെന്ന് സംശയിക്കപ്പെടുന്ന ഒരു സന്ദേശം കിട്ടിയിരുന്നതായിട്ടാണ് ഇവര്‍ പറയുന്നത്.






