
കാബൂൾ: അഫ്ഗാനിസ്താനിൽ ഇനിയും സഖ്യകക്ഷി സേനകൾ തുടർന്നാൽ അനുവദിക്കില്ലെന്ന് താലിബാൻ. യു.എസോ ബ്രിട്ടനോ പിന്മാറ്റത്തിന് കൂടുതൽ സമയം ചോദിച്ചാൽ അനുവദിക്കില്ലെന്നും അനുമതി ലംഘിച്ച് രാജ്യത്ത് തുടർന്നാൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്നും ദോഹയിലെ താലിബാൻ പ്രതിനിധി സംഘാംഗം സുഹൈൽ ഷഹീൻ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
ഓഗസ്റ്റ് 31-നുശേഷം യു.എസ്., സഖ്യകക്ഷി സേനകളെ തുടരാൻ അനുവദിക്കില്ലെന്നാണ് താലിബാന്റെ പ്രഖ്യാപനം. സേനാപിന്മാറ്റത്തിനുശേഷമേ താലിബാൻ പുതിയ സർക്കാർ പ്രഖ്യാപിക്കൂ. വിദേശസേന രാജ്യത്ത് തുടരുന്നത് അധിനിവേശമാണെന്നും താലിബാൻ പറഞ്ഞു.
അഭയാർഥികളെ കാബൂൾ വിമാനത്താവളം വഴി സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് വിദേശസേനാ പിന്മാറ്റം അടുത്തയാഴ്ചയ്ക്കുശേഷവും തുടരണമെന്ന് ആവശ്യമുയരുന്ന പശ്ചാത്തലത്തിലാണ് താലിബാന്റെ പ്രതികരണം.






