
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്ക് എതിരേ നടത്തിയ പ്രസ്താവനയുടെ പേരില്‍ കേന്ദ്രമന്ത്രി നാരായണ്‍ റാണേയ്ക്ക് എതിരേ മഹാരാഷ്ട്ര പോലീസിന് കേസെടുക്കാമെങ്കില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ പരാമര്‍ശം നടത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്ക് എതിരേ യുപി പോലീസ് എത്ര കേസ് എടുക്കണമെന്ന് വിമര്‍ശിച്ച് ബിജെപി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ചെരുപ്പിനടിക്കണമെന്ന് പറഞ്ഞ ഉദ്ധവ് താക്കറേയ്ക്ക് എതിരേ യുപി പോലീസ് എത്ര കേസ് റജിസ്റ്റര്‍ ചെയ്യേണ്ടി വരുമെന്നായിരുന്നു ബിജെപിയുടെ മറുടപി.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്കെതിരെ പരാമര്‍ശം നടത്തിയതിന് കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ദവിന്റെ പഴയ പ്രസ്താവന ബിജെപി വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്. ബിജെപി റാലിക്കിടയില്‍ ഉദ്ദവ് താക്കറെയെ തല്ലും എന്നുപറഞ്ഞതിനാണ് റാണെയ്ക്കെതിരെ കേസ് എടുത്തത്. അതേസമയം 2018 ല്‍ ഉദ്ധവ് താക്കറേ ആദിത്യനാഥിനെ ചെരുപ്പുരിയടിക്കുമെന്ന് പറഞ്ഞതിന് കേസെടുത്തിട്ടില്ലല്ലോ എന്നാണ് ബിജെപി വ്യക്തമാക്കിയത്.
‘‘യു.പിയില്‍ നിന്നുള്ള ഒരു പുരോഹിതന് ഗഗഭട്ട് ശിവജിയുടെ കിരീടധാരണത്തിനായി വന്നു. ഈ യോഗി വായു നിറഞ്ഞ ഒരു ബലൂണ്‍ പോലെ വന്നു. ശിവജിയെ മാലയിടുമ്പോള്‍ അയാള്‍ ചെരിപ്പുകള്‍ ധരിച്ചിരുന്നു. അതേ ചെരുപ്പുകൊണ്ട് അയാളെ അടിക്കാന്‍ എനിക്ക് തോന്നി. മഹാരാജിന്റെ പ്രതിമയ്ക്ക് മുന്നില്‍ നില്ക്കാന് പോലും നിങ്ങള്‍ ആരാണ്?” മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരുന്ന് അയാള്‍ സ്വയം യോഗി എന്ന് വിളിക്കുന്നു. എല്ലാം ത്യജിച്ച് ഒരു ഗുഹയില്‍ ഇരിക്കേണ്ടയാളാണ് യോഗി. അയാള്‍ എങ്ങനെ ഒരു മുഖ്യമന്ത്രിയാകും? അയാള്‍ ഒരു യോഗിയാണ്, അതുകൊണ്ടുതന്നെ അയാള്‍ എല്ലാം ഉപേക്ഷിച്ച് ഒരു ഗുഹയില്‍ ഇരിക്കണം. ’’ 2018ല്‍ ഉദ്ദവ് പറഞ്ഞു. ഈ പരാമര്‍ശമാണ് ബിജെപി ഉയര്‍ത്തിക്കൊണ്ടു വന്നിരിക്കുന്നത്.
അതേസമയം അറസ്റ്റിന് പിന്നാലെ കേന്ദ്രമന്ത്രിയെ വിമര്‍ശിച്ച് മുഖപത്രമായ സാമ്നയില്‍ ശിവസേന ലേഖനവും എഴുതി. കേന്ദ്രമന്ത്രിയുടെ ഭാഷ തെരുവ് ഗുണ്ടയുടേതാണെന്നും നരേന്ദ്രമോഡിക്കെതിരേയാണ് ഇത്തരം പരാമര്‍ശം നടത്തുന്നതെങ്കില്‍ ജയിലില്‍ നിന്നും ഇറങ്ങാന്‍ നേരമുണ്ടാകുമോ എന്നും ചോദിച്ചിട്ടുണ്ട്. ഇന്നലെയായിരുന്നു റാണ അറസ്റ്റിലായതും മഹാഡ് ഫ്സറ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തത്.






