
ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിലെ ഉയര്‍ന്ന നിലയിലാണ് ഇന്ന് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 46,759 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 509 പേര് മരണമടഞ്ഞു. 31,374 പേര് രോഗമുക്തരായി.
ഇതുവരെ 3,26,49,947 പേര് രോഗബാധിതരായി. 3,18,52,802 പേര് േരാഗമുക്തരായി. 3,59,775 പേര് ചികിത്സയിലുണ്ട്. 4,37,370 പേര് ഇതിനകം മരണമടഞ്ഞു. ഇതുവരെ 62,29,89,134 ഡോസ് വാക്സിന് വിതരണം ചെയ്തു. 1,03,35,290 ഡോസ് ഇന്നലെ മാത്രം നല്‍കിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒരു ദിവസം ഒരു കോടിയിലേറെ ഡോസ് വാക്സിന് വിതരണം ചെയ്ത റെക്കോര്‍ഡും ഇന്ത്യ കുറിച്ചു.
പുതിയ രോഗികളില്‍ 70 ശതമാനവും കേരളത്തിലാണ്. വെള്ളിയാഴ്ച 32,801 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 179 പേര് മരണമടഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിവസവും 30,000നു മുകളിലാണ് കേരളത്തിലെ പ്രതിദിന രോഗികള്‍. മഹാരാഷ്ട്രയില്‍ നിന്നലെ 4,654 പേര് രോഗികളായി. 170 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹിയില്‍ 46 പുതിയ രോഗികള്‍ റിപ്പോര്‍ട്ടു ചെയ്തെങ്കിലും ഒരു കോവിഡ് മരണം പോലുമില്ല. ടിപിആര്‍ 0.06% ആണ് ഡല്‍ഹിയില്‍. രണ്ടാം തരംഗത്തില്‍ ഇത് 17ാം തവണയാണ് ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത്.
അതേസമയം, ദേശീയ തലത്തില്‍ 0.1% ആണ് ടിപിആര്‍. പ്രതിദിന ടിപിആര്‍ 2.19% ആയി. സജീവ രോഗികള്‍ 1.10% വും രോഗമുക്തി നിരക്ക് 97.56 ശതമാനവുമാണ്.






