
കാബൂള്‍: അഫ്ഗാനില്‍ പുതിയ സര്‍ക്കാരുണ്ടാക്കാന്‍ താലിബാന് പാടുപെടുന്നതിനിടയില്‍ കാബൂളില്‍ വനിതാ ആക്ടിവിസ്റ്റുകളുടെ പ്രതിഷേധം അക്രമാസക്തമായി. സമരക്കാര്‍ പ്രസിഡന്റ് പാലസിലേക്ക് തള്ളിക്കയറാനുള്ള ശ്രമം താലിബാന് സേന തടഞ്ഞതോടെയാണ് അക്രമാസക്തമായത്. തുടര്‍ന്ന് താലിബാന് സേന ടീയര്‍ഗ്യാസ് പ്രയോഗിച്ചു.
പുതിയ താലിബാന് സര്‍ക്കാരില്‍ വനിതാ പ്രാതിനിധ്യം വേണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. സ്ത്രീകളുടെ പ്രതിഷേധം ഇതു രണ്ടാം ദിവസമാണ്. വെള്ളിയാഴ്ചയും ഒരു കൂട്ടം വനിതാ പ്രവര്‍ത്തകര്‍ സമരം ചെയ്തിരുന്നു. തീരുമാനം എടുക്കുന്ന കാര്യത്തിലും രാഷ്ട്രീയ ജീവിതത്തിലും പുരുഷന്മാര്ക്കൊപ്പം സ്ത്രീകള്‍ക്ക് തുല്യ അവകാശം വേണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.
അഫ്ഗാനിസ്ഥാനിലെ പുതിയ താലിബാന് സര്‍ക്കാരിനെ താലിബാന്റെ സഹ സ്ഥാപകന്‍ മുല്ലാ ബാരാദറാണ് നയിക്കുക. വരും കാല സര്‍ക്കാരില്‍ സ്ത്രീ പ്രാതിനിധ്യവും വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഇവര്‍ പ്രതിഷേധത്തിന്റെ ലൈവും പുറത്തുവിട്ടു. വ്യാഴാഴ്ച പടിഞ്ഞാറന്‍ അഫ്ഗാനിലെ ഹെറാത്ത് നഗരത്തില്‍ ഡസനോളം വരുന്ന അഫ്ഗാന് സ്ത്രീകളാണ് പ്രതിഷേധം തുടങ്ങിവെച്ചത്. അതേസമയം തീവ്രവാദ ഗ്രൂപ്പിന്റെ ഭരണത്തിന് കീഴില്‍ സ്ത്രീകളുടെ ഭാവി അനിശ്ചിതത്വത്തിലാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
കഴിഞ്ഞ താലിബാന് ഭരണകാലത്ത് പരസ്യമായ കല്ലേറ്, കയ്യും കാലും മുറിക്കല്‍, പരസ്യമായി വധശിക്ഷ തുടങ്ങിയവയെല്ലാം നടപ്പാക്കിയിരുന്നു. കടുത്ത ഇസ്ളാമിക നിയമം നടപ്പാക്കിയിരുന്ന താലിബാന് സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കാനും വിസമ്മതിച്ചിരുന്നു. അതേസമയം പുതിയ താലിബാന് സര്‍ക്കാര്‍ പഴയതില്‍ നിന്നും വ്യത്യസ്തമാണെന്നും സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനം നല്‍കുമെന്നുമാണ് പറഞ്ഞിട്ടുള്ളത്.






