
തിരുവനന്തപുരം: തല്ക്കാലം മുന്നണി വിടേണ്ടതില്ലെന്ന് ആര്.എസ്.പിയില്‍ തീരുമാനം. യു.ഡി.എഫ് നേതൃത്വവുമായുള്ള അതൃപ്തി മാറിയിട്ടില്ലെങ്കിലും നാളെ രാവിലെ നിശ്ചയിച്ചിട്ടുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു.
അതിന്റെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഉച്ചയ്ക്ക് ശേഷം നടക്കുന്ന മുന്നണി യോഗത്തില്‍ പങ്കെടുക്കാമെന്നും ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതിയോഗത്തില്‍ ധാരണയായി. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കോണ്‍ഗ്രസിന്റെ പോക്കിനെതിരെ രൂക്ഷവിമര്ശനമുയര്ന്നെങ്കിലും ഈ ഘട്ടത്തില്‍ മുന്നണി വിടേണ്ടെന്ന അഭിപ്രായത്തിനാണ് മേല്‍ക്കൈ.
കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഒരു സീറ്റുപോലും വിജയിക്കാതിരുന്ന ആര്.എസ്.പിയില്‍ മുന്നണി വിടണമെന്ന വികാരം ശക്തമാണ്. എന്നാല്‍ കഴിഞ്ഞദിവസവും സി.പി.എം അനുകൂലമായ ഒരു നിലപാട് പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് അതൃപ്തിയോടെയാണെങ്കിലും തല്ക്കാലം യു.ഡി.എഫുമായി സഹകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ആര്.എസ്.പി യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണെന്ന് സംസ്ഥാനകമ്മിറ്റി യോഗത്തിന് ശേഷം പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എ.എ. അസീസ് അവകാശപ്പെട്ടു. തെരഞ്ഞെടുപ്പില്‍ തോല്‍വി സ്വാഭാവികമാണ്. തോറ്റാലുടന്‍ മുന്നണി വിടുക എന്ന വഞ്ചനാപരമായ സമീപനം പാര്‍ട്ടിക്കില്ല.
യു.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാകണമെന്ന് ആവശ്യപ്പെട്ട് നേരത്തേ കോണ്‍ഗ്രസ് നേതൃത്വത്തിന് കത്ത് നല്‍കിയതാണ്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ വിമര്‍ശനങ്ങളുണ്ട്. ഇത്തരം കാര്യങ്ങള്‍ മൂടിവച്ച് പോകുന്നത് ശരിയല്ല. യു.ഡി.എഫിനെ നയിക്കുന്ന കോണ്‍ഗ്രസും അവരുടെ തര്‍ക്കങ്ങള്‍ പരിഹരിക്കണം. ഘടകകക്ഷികളെ വിശ്വാസത്തിലെടുത്ത് നീങ്ങണം. യു.ഡി.എഫില്‍ വന്ന ശേഷം തങ്ങള്‍ക്ക് രണ്ട് സംവരണ സീറ്റുകളാണ് നല്‍കിയത്. ആറ്റിങ്ങലില്‍ തങ്ങള്‍ക്ക് കാര്യമായ സ്വാധീനമില്ലെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും ആറ്റിങ്ങല്‍ സാദ്ധ്യതയുള്ള മണ്ഡലമാണെന്നാണ് മുന്നണി നേതൃത്വം പറഞ്ഞത്. കയ്പമംഗലത്തിന് പകരം മറ്റൊരു സീറ്റ് ചോദിച്ചപ്പോള്‍ അതിനേക്കാള്‍ കയ്പേറിയ മട്ടന്നൂരാണ് നല്‍കിയത്.
ചവറയില്‍ ഒരു കാരണവശാലും തോല്ക്കാന് പാടില്ലാത്തതായിരുന്നു. അവിടെ സംഘടനാചുമതലയില്‍ വീഴ്ചകളുണ്ടായി. നയിച്ച പ്രധാന കക്ഷിയുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് പ്രധാനമെന്ന് യു.ഡി.എഫിന് നല്കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പാര്‍ട്ടിക്കുണ്ടായ തിക്താനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണം. പ്രാദേശികമായി സഹകരണബാങ്കുകളിലെ ഭരണസമിതികളിലും മറ്റും പാര്‍ട്ടിയുള്ള സ്ഥലങ്ങളിലെങ്കിലും പ്രാതിനിധ്യം ലഭിക്കണം. പ്രാദേശികതലത്തില്‍ യു.ഡി.എഫ് സംഘടനാസംവിധാനം ശക്തിപ്പെടുത്തണം. ഇത്തരം കാര്യങ്ങളാണ് യു.ഡി.എഫിന് മുന്നില്‍ ഉന്നയിക്കുന്നതെന്നും പത്രസമ്മേളനത്തില്‍ സന്നിഹിതനായിരുന്ന എന്‍.കെ. പ്രേമചന്ദ്രന് എം.പിയും വ്യക്തമാക്കി.
കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്നവരില്‍ അവമതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് കപ്പലിനെ അവര്‍ മുക്കുകയാണെന്ന് താന്‍ വിമര്‍ശിച്ചതെന്ന് ഷിബു ബേബിജോണ്‍ വിശദീകരിച്ചു. ഉച്ചിക്ക് തൊട്ട കൈ കൊണ്ടുതന്നെ ഉദകക്രിയ നടത്താന്‍ ഇട വരുത്തരുതെന്നേ ഉദ്ദേശിച്ചുള്ളൂ.വിമര്‍ശനം സദുദ്ദേശത്തോടെയായിരുന്നു. ബാബു ദിവാകരനും പങ്കെടുത്തു.
ആര്.എസ്.പിയുടെ ദേശീയസമ്മേളനം അടുത്ത മേയില്‍ നടക്കും. നവംബറോടെ സംഘടനാ സമ്മേളനങ്ങള്‍ തുടങ്ങും. മെമ്പര്‍ഷിപ്പ് സ്ക്രൂട്ടിനിയും നവംബറിലാണ്. പെട്രോളിയം വിലവര്‍ധനവിലും കേന്ദ്രസര്‍ക്കാരിന്റെ തെറ്റായനയങ്ങളിലും പ്രതിഷേധിച്ച് നവംബര്‍ ആറിന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. അതിന് മുന്നോടിയായുള്ള പ്രക്ഷോഭപരിപാടികള്‍ സംസ്ഥാനത്ത് ഒകേ്ടാബറില്‍ തുടങ്ങുമെന്നും അവര്‍ അറിയിച്ചു.






