
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ തനിക്ക് സ്ഥാനത്തിന്റെ ആവശ്യമില്ലെന്നും പക്ഷേ കേന്ദ്രത്തിലോട്ട് പോകുന്നെന്ന് പറഞ്ഞ് ആക്ഷേപിക്കരുതെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസിസി അദ്ധ്യക്ഷന്മാരുമായി ബന്ധപ്പെട്ട തര്‍ക്കവും ഗ്രൂപ്പ് തര്‍ക്കങ്ങളും തുടരുമ്പോഴാണ് രമേശിന്റെ പ്രതികരണം. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ അവസാനിച്ചെന്നും നിലവില്‍ പ്രശ്നങ്ങള്‍ ഇല്ലെന്നും പറഞ്ഞു.
ഇവിടെ ഇപ്പോള്‍ പ്രവര്‍ത്തിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. എ.ഐ.സി.സിയില്‍ ആരും സ്ഥാനം തരാമെന്ന് പറഞ്ഞിട്ടില്ലെന്നും ഒരു സ്ഥാനവും താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. എ.ഐ.സി.സിയില്‍ സ്ഥാനം കിട്ടാന്‍ പോകുന്നു എന്ന വാര്‍ത്ത നല്കി തന്നെ അപമാനിക്കരുതെന്നും കേരളത്തിലെ കോണ്‍ഗ്രസില്‍ നിലവില്‍ പ്രശ്നങ്ങളില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. അതേ സമയം നിയമസഭാ കയ്യാങ്കളി കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്ന ആവശ്യവുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു.
നിയമസഭാ കയ്യാങ്കളി കേസില്‍ ചെന്നിത്തലയ്ക്കും അഭിഭാഷക പരിഷത്തിനും തടസ്സ ഹരജി നല്കാന് അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷന് നിലപാട്. എന്നാല്‍ പ്രസ്തുത കേസില്‍ സുപ്രീം കോടതിയില്‍ വരെ നിയമപോരാട്ടം നടത്തിയതിനാല്‍ തനിക്ക് തടസ്സ ഹരജി ഫയല്‍ ചെയ്യാന്‍ അധികാരമുണ്ട് എന്നും, പ്രോസിക്യൂഷന് നിലപാട് പരിശോധിക്കണമെന്നുമായിരുന്നു ചെന്നിത്തല പറഞ്ഞത്.
കോണ്‍ഗ്രസില്‍ ഡി.സി.സി പുനസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കം രൂക്ഷമായിരുന്നു. ഡി.സി.സി അധ്യക്ഷന്മാരുടെ പട്ടികയ്ക്ക് എതിരേ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്ത് വരികയും ചെയ്തിരുന്നു. ഒട്ടേറെ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷം കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരഭാവനില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചേര്‍ന്ന് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.






