
ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷനോട് വിമുഖത കാണിക്കുന്നത് ഒരിക്കലും ധീരതയല്ലെന്ന് മാത്രമല്ല അതൊരു ആത്മഹത്യാശ്രമമാണന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിയുക്ത സംസ്ഥാന പ്രസിഡന്റ് സുല്‍ഫി നൂഹ്.
ആയിരക്കണക്കിനാളുകളാണ് ഇത്തരത്തില്‍ വാക്സിനെടുക്കാതെ മാറിനില്‍ക്കുന്നത്.വാക്സിന് എടുക്കാതിരിക്കുന്നത് ഒരിക്കലും ധീരതയല്ലെന്ന് മാത്രമല്ല അതൊരു ആത്മഹത്യാശ്രമമാണ് എന്നു മാത്രമേ പറയാന്‍ കഴിയുകയുള്ളൂ. കോവിഡ് 19 പ്രതിരോധ വാക്സിന് മാത്രമല്ല ഏതൊരു വാക്സിന്റെ കാര്യമെടുത്താലും അത് അങ്ങനെയാണ്. ലോകത്ത് ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന് രക്ഷിച്ചതും അംഗവൈകല്യങ്ങളുണ്ടാകാതെ രക്ഷിച്ചതും വാക്സിനുകളുടെ കണ്ടുപിടിത്തമാണ്. കോവിഡിന്റെ കാര്യത്തിലേക്ക് വന്നാല്‍ കേരളത്തിന്റെ കാര്യത്തില്‍ മാത്രമല്ല ലോകത്ത് ഏത് രാജ്യത്തെ ഡാറ്റ പരിശോധിച്ചാലും- അത് അമേരിക്ക, ഫ്രാന്‍സ്, ഇറ്റലി ജര്‍മനി, ബ്രിട്ടന് എന്നിങ്ങനെ ഏതു രാജ്യവുമായിക്കോട്ടെ- വാക്സിനെടുത്തവരില്‍ തന്നെയാണ് ജീവന് രക്ഷപ്പെട്ടതില്‍ കൂടുതലും. വെന്റിലേറ്ററില്‍ പ്രവേശിക്കപ്പെട്ടു മരിച്ചവരുടെ എണ്ണം നോക്കിയാല്‍ അതില്‍ തന്നെ വലിയൊരു വിഭാഗം വാക്സിനെടുക്കാത്തവരാണ്.
ലോകത്താകമാനം നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് കോവിഡ് വാക്സിനുകള്‍ മരണനിരക്ക് കുറയ്ക്കുന്നുവെന്നതാണ്. അതുകൊണ്ട് തന്നെയാണ് വാക്സിന് സ്വീകരിക്കേണ്ടത് അത്യാവശ്യവും വിമുഖത കാണിക്കുന്നത് ആത്മഹത്യാപരവുമാണ് എന്ന് പറയേണ്ടി വരുന്നത്. പ്രത്യേകിച്ച് 40ന് മുകളില്‍ പ്രായമുള്ളവരും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരും വാക്സിനെടുക്കാതിരിക്കുന്നത് ആത്മഹത്യാപരമാണ്. കേരളത്തില്‍ തന്നെ നോക്കിയാല്‍ വെന്റിലേറ്ററുകളില്‍ കിടക്കുന്ന രോഗികള്‍ തീര്‍ച്ചയായും വാക്സിനേഷന് ചെയ്യാത്തവരാണ്. അപൂര്‍വമായി മാത്രമാണ് വാക്സിനെടുത്തിട്ടും ആരോഗ്യനില ഗുരുതരമായി വെന്റിലേറ്ററിലേക്ക് മാറ്റേണ്ട അവസ്ഥയിലെത്തുന്നത്. ഇവര്‍ക്ക് ക്യാന്‍സര്‍ പോലുള്ള മാരക അസുഖങ്ങളുള്ളവരായിരിക്കും എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
പണ്ടൊക്കെ പോളിയോ വാര്‍ഡുകളും അവിടങ്ങളില്‍ നിറയെ രോഗികളും ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അംഗവൈകല്യമുള്ള രോഗികളെ കാണാനില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. വില്ലന്‍ചുമ പോലുള്ള അസുഖങ്ങള്‍ ഇപ്പോള്‍ ഇല്ലെന്ന് തന്നെ പറയാം. ഈ നേട്ടങ്ങളെല്ലാം വാക്സിനേഷനുകളിലൂടെയാണ് കൈവരിച്ചത്.






