
നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ അഞ്ചാം ദിവസവും ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ ജനം തിക്കിത്തിരക്കുമ്പോള്‍ ഇതുവരെ ബാങ്കുകളില്‍ എത്തിയത് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും മൂന്നുലക്ഷം കോടി രൂപയുടെ നോട്ടുകള്‍. ഞായറാഴ്ച വൈകിട്ട് അഞ്ചു മണി വരെ 50,000 കോടി രുപ ഇടപാടുകാര്‍ക്ക് നല്‍കുകയും ചെയ്തു.
നോട്ടു മരവിപ്പിക്കലിന് ശേഷമുള്ള മൂന്ന് ദിവസം കൊണ്ട് തന്നെ രാജ്യത്തെ ബാങ്കുകള്‍ 30,000 കോടി രൂപ വിതരണം ചെയ്തതായിട്ടാണ് ബാങ്കുകളുടെ സംഘടന പുറത്തുവിട്ട വിവരം. നോട്ട് അസാധുവാക്കലിന് പിന്നാലെ ബാങ്കുകള്‍ അടച്ചിടപ്പെട്ട ഒരു ദിവസത്തിന് ശേഷം ബാങ്ക് ജീവനക്കാര്‍ വിശ്രമമില്ലാതെ ജോലി ചെയ്യുകയായിരുന്നു. ശനിയും ഞായറും ജോലിക്കെത്തിയതിന് പിന്നാലെ മുന്‍ ദിവസങ്ങളില്‍ പാതിരാ കഴിഞ്ഞും ക്ഷമയോടും സഹനത്തോടും ജോലി ചെയ്യാന്‍ വലിയ മനസ്സ് കാട്ടിയതുമാണ് ഒരളവ് വരെ പ്രതിസന്ധി നിയന്ത്രണവിധേയമായത്.
അത്യാവശ്യക്കാര്‍ക്ക് മാത്രം അവധി നല്കിയ ബാങ്കുകള്‍ മിക്കവാറും ജീവനക്കാരെ ഉപയോഗിക്കുകയും സമയം നോക്കാതെ തന്നെ പണം തീരുവോളം ജോലി ചെയ്യിക്കുകയും ചെയ്തു. മിക്കവാറും ജീവനക്കാരും പുലര്‍ച്ചെ നാലു മണി മുതല്‍ അര്‍ദ്ധരാത്രി കഴിഞ്ഞും ബാങ്കില്‍ ചെലവഴിക്കേണ്ട അവസ്ഥ വന്നു. എടിഎമ്മില്‍ പണം നിക്ഷേപിക്കല്‍ ജോലി നടക്കുന്നത് പുലര്‍ച്ചെ സമയങ്ങളില്‍ ആയതിനാല്‍ ഇടപാടുകാരെ പരമാവധി ബുദ്ധിമുട്ടിക്കരുതെന്ന നിര്‍ദേശത്തില്‍ ചില ബാങ്കുകള്‍ വിരമിച്ച ജീവനക്കാരുടെ വരെ സഹായം തേടിയപ്പോള്‍ മറ്റ് ചില ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് കാപ്പിയും വെള്ളവുമെല്ലാം എത്തിച്ചു. ഈ ആഴ്ച മുഴുവനും ഈ രീതിയില്‍ കഷ്ടപ്പെടേണ്ടി വരുമെന്നാണ് ബാങ്കുകളില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.
എടിഎമ്മില്‍ പണം നിറയ്ക്കുന്ന ജോലികള്‍ നിരീക്ഷിക്കുന്നതിന് പുറമേ ഇടപാടുകാര്‍ക്ക് സംശയ നിവാരണത്തിനായി എല്ലാ ബാങ്കുകളും ജീവനക്കാരെയും വെച്ചിട്ടുണ്ട്. വരുന്ന നോട്ടുകെട്ടുകളുടെ എണ്ണം പരിശോധിക്കാന്‍ രണ്ടിലധികം ജീവനക്കാരാണ് എണ്ണുന്നത്. അതിനിടയില്‍ ബാങ്കില്‍ നിന്നും ഒരു ദിവസം പിന്‍വലിക്കാന്‍ കഴിയുന്ന തുക 10,000 എന്ന പരിധി എടുത്തുകളഞ്ഞു. ഇനി ആഴ്ചയില്‍ പരമാവധി 24,000 രൂപ വരെ പിന്‍വലിക്കാം. എടിഎമ്മുകള്‍ വഴി 2,500 രൂപ വരെയും അസാധു നോട്ടുകള്‍ നല്കി 4,500 രൂപ വരെയും പിന്‍വലിക്കാമെന്നും ആര്‍ബിഐ പറഞ്ഞിട്ടുണ്ട്.






