
ന്യൂഡല്‍ഹി : ചെറുവള്ളി എസ്റ്റേറ്റില്‍ നിര്‍മിക്കാനുദ്ദേശിച്ച ശബരിമല വിമാനത്താവളത്തിന് അനുമതി നല്‍കാനാകില്ലെന്നു സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡി.ജി.സി.എ) കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്കി. വിമാനത്താവളത്തിനായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സാധ്യതാ പഠന റിപ്പോര്‍ട്ട് വിശ്വാസയോഗ്യമല്ലെന്നും ഡി.ജി.സി.എ. പറഞ്ഞു.
പരിസ്ഥിതി കാരണങ്ങളാല്‍ ആറന്മുളയില് വിമാനത്താവള പദ്ധതിക്ക് അനുമതി നിഷേധിക്കപ്പെട്ടതോടെയാണു പുതിയ സ്ഥലം തേടിയത്. മധ്യതിരുവിതാംകൂറില്‍ നിന്നുള്ള പ്രവാസികളുടെ നേതൃത്വത്തിലാണ് ആദ്യഘട്ട പ്രവര്‍ത്തനം ആരംഭിച്ചത്. ചെറുവള്ളി എസ്റ്റേറ്റ് മാനേജ്മെന്റ് അനുകൂല നിലപാട് സ്വീകരിച്ചതോടെ അമേരിക്കന്‍ കമ്പനിയായ എയ്ക്കോമിന്റെ നേതൃത്വത്തില്‍ സാധ്യതാപഠനം നടത്തി. ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിന് അനുയോജ്യമാണെന്നായിരുന്നു റിപ്പോര്‍ട്ട്.
ഈ റിപ്പോര്‍ട്ട് പ്രവാസി കൂട്ടായ്മ സംസ്ഥാന സര്‍ക്കാരിനു കൈമാറിയതോടെ പദ്ധതിയുടെ നേതൃത്വം സര്‍ക്കാര്‍ ഏറ്റെടുത്തു. ഉടമസ്ഥാവകാശ തര്‍ക്കത്തിലായിരുന്ന എസ്റ്റേറ്റ് വില കൊടുത്തു സ്വന്തമാക്കി വിവാദം അവസാനിപ്പിക്കാനായിരുന്നു സര്‍ക്കാര്‍ പദ്ധതി. ഇതു പ്രകാരം റിപ്പോര്‍ട്ട് അടക്കമുള്ള പദ്ധതിരേഖ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു സമര്‍പ്പിച്ചു. എന്നാല്‍ ഈ റിപ്പോര്‍ട്ട് വിശ്വാസയോഗ്യമല്ലെന്നാണ് ജി.ഡി.സി.എ. കണ്ടെത്തിയത്.
എസ്റ്റേറ്റിന്റെ സ്ഥല പരിമിതിക്കുള്ളില്‍ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള റണ്‍വേ നിര്‍മിക്കാന്‍ സാധ്യമല്ലെന്നാണ് ഡി.ജി.സി.എയുടെ കണ്ടെത്തല്‍. റണ്‍വേയുടെ നീളം ഉറപ്പുവരുത്താനുള്ള സ്ഥലം എസ്റ്റേറ്റിലില്ല. എസ്റ്റേറ്റില്‍ വിമാനത്താവളം വരുന്നത് സമീപത്തെ രണ്ടു ഗ്രാമങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുമെന്നും ഡി.ജി.സി.എ. കണ്ടെത്തി. ഈ വിലയിരുത്തല്‍ ശബരിമല വിമാനത്താവളത്തിന് വന്‍ തിരിച്ചടിയുമായി.
ചെറുകിട വിമാനത്താവള നിര്‍മാണത്തെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര വ്യോമയാന നയത്തില്‍ പ്രതീക്ഷയര്‍പ്പിച്ചായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. കണ്ണൂര്‍ വിമാനത്താവളത്തിനു പിന്നാലെ ശബരിമലയിലും വിമാനത്താവളം വരുന്നതോടെ വികസന നേട്ടങ്ങളുടെ ഗ്രാഫിലായിരുന്നു സര്‍ക്കാരിന്റെ കണ്ണ്. എന്നാല്‍ സാധ്യതാ പഠന റിപ്പോര്‍ട്ട് പോലും വിശ്വാസയോഗ്യമല്ലെന്ന ജി.ഡി.സി.എ.യുടെ വിലയിരുത്തല്‍ സര്‍ക്കാരിനു കനത്ത തിരിച്ചടിയായി.






